എസ്‌ഐആര്‍: കേരളത്തില്‍ 25 ലക്ഷം പേരുകള്‍ നീക്കം ചെയ്തതായി സംസ്ഥാനം സുപ്രിംകോടതിയില്‍

Update: 2025-12-18 09:57 GMT

ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി കേരളത്തില്‍ നിന്ന് ഏകദേശം 25 ലക്ഷം പേരുകളാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കംചെയ്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. എസ്‌ഐആര്‍ നടപടികളുടെ സമയപരിധി ഡിസംബര്‍ അവസാനം വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. താഴെത്തട്ടിലെ യാഥാര്‍ഥ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ നിവേദനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദേശിച്ചു. നിവേദനത്തില്‍ അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കണമെന്നും കോടതി കമ്മീഷനോട് ആവശ്യപ്പെട്ടു. സമയം നീട്ടണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിംകോടതിയെ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ സി കെ ശശി, അഭിഭാഷക മീന കെ പൗലോസ് എന്നിവര്‍ കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 25 ലക്ഷം പേരുകളാണ് പുറത്തുപോകുന്നതെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടി. ചില സ്ഥലങ്ങളില്‍ ഭര്‍ത്താവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും പേരുകള്‍ പട്ടികയില്‍ ഉണ്ടായിട്ടും ഭാര്യയെ കണ്ടെത്താനായിട്ടില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും, മറുവശത്ത് ചിലയിടങ്ങളില്‍ ഭാര്യയുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഭര്‍ത്താവിന്റെ പേര് കണ്ടെത്തിയിട്ടില്ലെന്നും കപില്‍ സിബല്‍ അറിയിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല ബാഗ്ചി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ രഞ്ജിത്ത് കുമാര്‍, പി വി സുരേന്ദ്രനാഥ്, അഭിഭാഷകന്‍ ജി പ്രകാശ് എന്നിവര്‍ ഹാജരായി. മുസ്ലിം ലീഗിന് വേണ്ടി അഭിഭാഷകന്‍ ഹാരിസ് ബീരാനും കോടതിയില്‍ പ്രതിനിധാനം ചെയ്തു.

Tags: