തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ടവരെ കണ്ടെത്താനായി ഹെല്‍പ് ഡെസ്‌ക്കുകള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കേരളത്തില്‍ എസ്‌ഐആര്‍ കരടുപട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പുറത്തായത് 24 ലക്ഷം പേരാണ്. ഇതില്‍ അര്‍ഹരായവരെ കണ്ടെത്താനാണ് നീക്കം.
ഉന്നതികള്‍, മലയോര-തീര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താന്‍ അംഗണവാടി, ആശാ വര്‍ക്കര്‍മാരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും നിയോഗിക്കും. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങും.
ബിഹാറിനുശേഷം കേരളം ഉള്‍പ്പടെ പത്ത് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ ഉത്തര്‍പ്രദേശൊഴികെ പതിനൊന്നിടത്തെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് പൂര്‍ത്തിയായി. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കുമെന്നാണ് വിവരം.