തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അന്തിമ വോട്ടര്‍പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നാളെ പ്രസിദ്ധീകരിക്കും. സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്(എസ്‌ഐആര്‍) ശേഷം തയാറാക്കുന്ന പട്ടികയെന്നതാണ് ഇതിലെ സവിശേഷത. 2002ലാണ് കേരളത്തില്‍ ഒടുവില്‍ എസ്‌ഐആര്‍ നടന്നത്. 2025 ഡിസംബര്‍ 23നു കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 2.54 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. അതിനുമുന്‍പേ ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 2.78 കോടി വോട്ടര്‍മാര്‍ ഉണ്ടായിരുന്നവരില്‍ 24.08 ലക്ഷം പേരെ എസ്‌ഐആറിന്റെ ആദ്യഘട്ട നടപടികളുടെ ഭാഗമായി പുറത്താക്കിയിരുന്നു. എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പുറത്തായത്. മരിച്ചവരോ സ്ഥലത്തില്ലാത്തവരോ താമസം മാറിയവരോ എന്നീ കാരണങ്ങളുടെ പേരില്‍ എഎസ്ഡി പട്ടിക തയാറാക്കിയാണ് ഇവരെ പുറത്താക്കിയത്. ഇതില്‍ പാകപ്പിഴകളുണ്ടായതായി പിന്നീട് രാഷ്ട്രീയപാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇവരില്‍ അര്‍ഹതയുള്ള എത്രപേര്‍ക്ക് പുതിയ വോട്ടര്‍മാരായി അപേക്ഷ നല്‍കി പട്ടികയില്‍ തിരിച്ചെത്താനായെന്ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ വ്യക്തമാകും. ഡിസംബര്‍ 23 മുതല്‍ ജനുവരി 30 വരെയാണ് പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കിയിരുന്നത്. ഇതുകൂടാതെ കരട് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന 36.88 ലക്ഷം പേര്‍ക്ക് വിവിധ കാരണങ്ങളാല്‍ നോട്ടിസ് നല്‍കി ഹിയറിങ് നടത്തി. ഹിയറിങ്ങിനുശേഷം നാല്‍പതിനായിരത്തോളം പേരെ പട്ടികയില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്. മരിച്ചവര്‍, വിദേശ പൗരത്വം സ്വീകരിച്ചവര്‍, താമസം മാറിയവര്‍ തുടങ്ങിയവരെയാണ് ഇങ്ങനെ ഒഴിവാക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍(സിഇഒ) വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്നു നടക്കും. അന്തിമ വോട്ടര്‍പട്ടികയുടെ പകര്‍പ്പുകള്‍ നാളെമുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കാനുള്ള തയാറെടുപ്പും സിഇഒ ഓഫിസ് നടത്തിയിട്ടുണ്ട്.