എസ്‌ഐആര്‍; കണ്ടെത്താനാകാത്തവരുടെ പട്ടിക കൈമാറാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് ലഭിച്ചില്ല

Update: 2025-12-16 14:54 GMT

തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ കണ്ടെത്താനാകാത്തവരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ കണ്ടെത്താന്‍ കഴിയാത്തവരുടെ വിവരങ്ങള്‍ കമ്മീഷന്‍ പ്രസിദ്ധീകരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ ഒന്നും അറിയിച്ചിട്ടില്ല. 18ാം തീയതി ഫോം വിതരണം അവസാനിക്കുകയാണ്.

തിരികെ ലഭിക്കാത്ത എന്യുമറേഷന്‍ ഫോമുകളുടെ എണ്ണം 20 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമായി ഉയര്‍ന്നത് എങ്ങനെ എന്ന് സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും പരാതി ഉന്നയിച്ചിരുന്നു. തിരികെ ലഭിക്കാത്ത 25 ലക്ഷം ഫോമുകളില്‍ 6,44,547 ഫോമുകള്‍ മരണപ്പെട്ടവരുടേതാണെന്ന കണക്കില്‍ സിപിഐ സംശയം പ്രകടിപ്പിച്ചിരുന്നു. മരിച്ചവരുടെ പേരു വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് മുസ്ലിം ലീഗും ആവശ്യപ്പെട്ടിരുന്നു.

കണ്ടെത്താനാവാത്തവര്‍, സ്ഥലംമാറിപോയവര്‍, മരിച്ചവര്‍ എന്നിവരുള്‍പ്പെടെ 25,07,675 പേരാണ് എസ്‌ഐആര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 7,11,958 പേരെ കണ്ടെത്താനായിട്ടില്ല, 8,19,346 പേര്‍ സ്ഥിരമായി താമസം മാറിപോയവരാണെന്നാണ് പറയുന്നത്. ഇക്കാര്യങ്ങള്‍ വീണ്ടും പരിശോധിക്കണമെങ്കില്‍ നിയോജക മണ്ഡലവും ബൂത്തും തിരിച്ച് കണ്ടെത്താനാകാത്തവരുടെ പട്ടിക നല്‍കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടായില്ല.

വ്യാഴാഴ്ച എസ്‌ഐആര്‍ ഫോം വിതരണവും തിരികെ സ്വീകരിക്കുന്നതും അവസാനിക്കും. അതിനു മുന്‍പ് കണ്ടെത്താനാകാത്ത വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്നതിനോട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ ഖേല്‍ക്കറിന് അനുകൂലനിലപാടാണ്. എന്നാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ തുടര്‍നടപടി സ്വീകരിക്കാനാകാത്ത സ്ഥിതിയിലാണ് സംസ്ഥാന തല ഉദ്യോഗസ്ഥര്‍.

Tags: