യുപിയില്‍ എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 2.89 കോടി വോട്ടര്‍മാര്‍ പുറത്ത്
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ എസ്ഐആര്‍ കരട് പട്ടികയില്‍ നിന്ന് 2.89 കോടി പേര്‍ പുറത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പുറത്തിറക്കിയ കരട് വോട്ടര്‍ പട്ടികയിലാണ് സംസ്ഥാനത്തെ 2.89 കോടി വോട്ടര്‍മാര്‍ പുറത്തായത്. ഇതില്‍ 46 ലക്ഷം പേര്‍ മരിച്ചവരാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2.17 കോടി പേര്‍ സ്ഥലം മാറിയവരും ഇരട്ട വോട്ടര്‍മാരായി 25.46 ലക്ഷവുമാണ് പുതുതായി പുറത്തിറക്കിയ പട്ടികയിലുള്ളത്. നേരത്തെ 15.44 കോടിയുണ്ടായിരുന്ന വോട്ടര്‍മാരുടെ എണ്ണം ഇതോടെ 12.55 കോടിയായി കുറഞ്ഞു.
മരിച്ചവര്‍ക്കു പുറമെ, സ്ഥിരമായി താമസം മാറിയവര്‍, ഇരട്ടിപ്പുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പെട്ടവരാണ് ഒഴിവാക്കപ്പെട്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ലഖ്നൗ, ഗാസിയാബാദ് തുടങ്ങിയ നഗരപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. ബിജെപി സര്‍ക്കാരിന് അനുകൂലമായ രീതിയില്‍ വോട്ടര്‍പട്ടികയില്‍ അട്ടിമറി നടത്താനാണ് നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒഴിവാക്കപ്പെട്ടവരില്‍ നല്ലൊരു ഭാഗം പ്രതിപക്ഷത്തെ അനുകൂലിക്കുന്ന വിഭാഗങ്ങളാണെന്നും പ്രതിപക്ഷം പറഞ്ഞു. അതേസമയം, പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് പരാതി നല്‍കാനും പേര് വീണ്ടും ചേര്‍ക്കാനും ജനുവരി 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.