എസ്‌ഐആര്‍: കമ്മിഷന്റെ അനാവശ്യ ഇടപെടല്‍ അവസാനിപ്പിക്കണം; കെഎന്‍എം മര്‍കസുദഅവ

Update: 2025-12-28 15:02 GMT

കോഴിക്കോട്: ഇലക്ഷന്‍ കമ്മിഷന്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചവരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്ന വിധമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന ആരോപണം ഗൗരവതരമാണെന്ന് കെഎന്‍എം മര്‍കസുദഅവ സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. കരട് പട്ടികയിലുള്ളവരെ തന്നെ സംശയ സാഹചര്യത്തിന്റെ പേരില്‍ വീണ്ടും രേഖകള്‍ ഹാജറാക്കണമെന്നും ഹിയറിങിന് ഹാജറാ കണമെന്നുമുള്ള ഇലക്ഷന്‍ കമ്മിഷന്റെ നടപടി അംഗീകരിക്കാനാവില്ല. രാജ്യത്തെ ജനങ്ങളുടെ പൗരാവകാശമാണ് വോട്ടവകാശമെന്നിരിക്കെ അനാവശ്യമായ നടപടികളിലൂടെ വോട്ടര്‍മാരെ വട്ടം കറക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവസാനിപ്പിക്കണം.

തദേശ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മതേതര വോട്ടുകള്‍ വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരില്‍ ഏകീകരിക്കാന്‍ മതേതര കക്ഷികള്‍ തയ്യാറാവണം. മണ്ഡലത്തിനു പുറത്തു നിന്നുള്ളവരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പെടുത്തി മണ്ഡലം പിടിച്ചെടുക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരേ മതേതര കക്ഷികള്‍ ജാഗ്രവത്താവണമെന്നും കെഎന്‍എം മര്‍കസുദഅവ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. കെഎന്‍എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ കുന്ദംകുളം അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി ആമുഖ ഭാഷണം നടത്തി.