എസ്‌ഐആര്‍; ബിഎല്‍ഒമാര്‍ രാത്രിയിലും വീടുകളിലെത്തും

Update: 2025-11-06 14:40 GMT

തിരുവനന്തപുരം: എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍(ബിഎല്‍ഒ) രാത്രിയിലും ഗൃഹസന്ദര്‍ശനം നടത്തും. പകല്‍ ജോലി സ്ഥലങ്ങളിലുള്ളവര്‍ക്ക് എന്യൂമറേഷന്‍ ഫോം നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ വൈകീട്ടോ രാത്രിയിലോ വീടുകളിലെത്തി അവരെ കാണാനാണ് നിര്‍ദേശം. നഗരങ്ങളിലടക്കം വലിയൊരു ശതമാനം വീടുകളിലും പകല്‍ ആളില്ലാത്ത സ്ഥിതിയുണ്ട്. ഇതൊഴിവാക്കാന്‍ രാത്രി സന്ദര്‍ശനം ഗുണകരമാവുമെന്നാണ് കമീഷന്റെ വിലയിരുത്തല്‍.

ഫോമില്‍ എന്തൊക്കെ വിവരങ്ങള്‍ നല്‍കണം?

ഒന്നാമത്തേത് വോട്ടറുടെ ജനന തീയ്യതി, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, മാതാപിതാക്കളുടെയുടെയും പങ്കാളിയുടെയും പേരുകളും വോട്ടര്‍ ഐഡി നമ്പറുമാണ്.രണ്ടാമത്തേതില്‍ വോട്ടറുടെ 2002ലെ വിവരങ്ങളാണ് എഴുതേണ്ടത്. വോട്ടറുടെ പേര്, ബന്ധുവിന്റെ പേര്, 2002ലെ സംസ്ഥാനം, ജില്ല, നിയമസഭാ മണ്ഡലത്തിന്റെ പേര്, നമ്പര്‍, ബൂത്ത് നമ്പര്‍, ക്രമ നമ്പര്‍ എന്നിവ ചേര്‍ക്കണം.

ഇതില്‍ മൂന്നാമത്തെ കോളത്തിലാണ് 2002ലെ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത 2025ലെ വോട്ടറുടെ ബന്ധുവിന്റെ വിവരങ്ങള്‍ ചേര്‍ക്കേണ്ടത്. ഇതില്‍ 2002ലെ വോട്ടറുടെ ബന്ധുവിന്റെ വിവരങ്ങളാണ് ചേര്‍ക്കുന്നത്. ഈ കോളത്തിലും ആശയക്കുഴപ്പമുണ്ട്. വോട്ടറുടെ പേര്, ബന്ധുവിന്റെ പേര്, ബന്ധം എന്നിവ ഇതിലും ചോദിക്കുന്നുണ്ട്. 2002ലെ വിവരങ്ങള്‍ വോട്ടറുമായി ഒത്ത് വന്നില്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കേണ്ടി വരും.