എസ്‌ഐആര്‍; കരടുവോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഉത്തര്‍പ്രദേശില്‍ പുറത്തായത് 2.89 കോടി വോട്ടര്‍മാര്‍
ലഖ്‌നോ: എസ്‌ഐആറിന്റെ കരടുവോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഉത്തര്‍പ്രദേശില്‍ പുറത്തായത് 2.89 കോടി വോട്ടര്‍മാര്‍. ചൊവ്വാഴ്ചയാണ് കരടുവോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. അതായത്, ബംഗാളില്‍ പുറത്തായവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഇത്. ബംഗാളില്‍ ഏകദേശം 58 ലക്ഷം ആളുകള്‍ പുറത്തായപ്പോള്‍ 18.7 ശതമാനം വരുന്ന ആളുകളാണ് ഉത്തര്‍പ്രദേശില്‍ പുറത്തായത്.
ഗുജറാത്തില്‍ 73 ലക്ഷത്തിലധികം ആളുകളും പുറത്തായി. പുറത്തായ വോട്ടര്‍മാര്‍ക്ക് പട്ടികയില്‍ പേരു ചേര്‍ക്കാനും മറ്റു പരാതികള്‍ സമര്‍പ്പിക്കാനും ഫെബ്രുവരി ആറു വരെ സമയം നല്‍കിയിട്ടുണ്ട്.
ബംഗാളിലുണ്ടായതിനേക്കാള്‍ വേദന നല്‍കുന്ന പുറത്താക്കല്‍ നടപടിയാണ് എസ്‌ഐആര്‍ മൂലം ഉത്തര്‍പ്രദേശിലുണ്ടായിരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിജേന്ദ്ര ത്രിപാദി പറഞ്ഞു. ഇവിടങ്ങളിലെ പല പെണ്‍കുട്ടികളും വിവാഹം കഴിച്ചതോടെ വീട്ടുകാരുമായുള്ള ബന്ധം നഷ്ടപ്പെട്ടവരാണ്. അതു കൊണ്ടു തന്നെ പലര്‍ക്കും വീട്ടുകാര്‍ ഉണ്ടോ എന്നു പോലും അറിയാത്ത അവസ്ഥയാണെന്നും ഇതുമുലം എസ്‌ഐആര്‍ നടപടികളില്‍ അവര്‍ ബുദ്ധിമുട്ടുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു.
ഇവിടങ്ങളില്‍ നിരക്ഷരുടെ എണ്ണം കൂടുതലാണ് എന്നുള്ളതും വോട്ടര്‍പട്ടികയില്‍ നിന്നും പുറത്താകുന്നതിനുള്ള കാരണമാണ്. അതായത് എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കാന്‍ കഴിയാത്തവരാണ് മിക്കവരും. ഈ പ്രതിസന്ധി വോട്ടര്‍പട്ടികയില്‍ നിന്നി പുറത്താകുന്നതിലേക്ക് നയിക്കുന്നു. എസ്‌ഐആര്‍ എന്നത് സ്വന്തം വോട്ടര്‍മാരെ മാത്രം തിരഞ്ഞു പിടിച്ച് ലിസ്റ്റില്‍ ചേര്‍ക്കാനുള്ള ബിജെപിയുടെ തന്ത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് റായി പ്രതികരിച്ചു.
