'ഇത് തീവ്ര പരീക്ഷണം': എസ്ഐആറില്‍ വലയുന്ന ബിഎല്‍ഒമാര്‍

Update: 2025-11-21 10:41 GMT

ശ്രീവിദ്യ കാലടി

കോഴിക്കോട് : വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന്റെ രണ്ടാം ഘട്ടം നടക്കുമ്പോള്‍ വലയുന്നത് ബിഎല്‍ഒമാര്‍. നിരവധി പേരാണ് സഹിക്കാനാവാത്ത സമ്മര്‍ദ്ദം മൂലം എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുന്നത്. പലര്‍ക്കും രാത്രി വരെ നീണ്ടു നില്‍ക്കുന്ന ജോലി ഭാരമാണ്. വീട്ടില്‍ നിന്ന് കൊണ്ടു വന്ന ഉച്ചഭക്ഷണം തിരിച്ച് വീട്ടിലെത്തിയാണ് കഴിക്കുന്നതന്നെ ബിഎല്‍ഒയുടെ സാക്ഷ്യം അവര്‍ വഹിക്കുന്ന ബുദ്ധിമുട്ട് എത്രമാത്രമുണ്ടെന്ന് വെളിപ്പെടുത്തും.

2026ല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവയുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് നവംബര്‍ 4 ന് എസ്‌ഐആറിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്.

എസ്ഐആറിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോം വിതരണം ചെയ്ത് കൃത്യമായി പുരിപ്പിച്ചവ തിരിച്ചു വാങ്ങി അപ്ലോഡ് ചെയ്യുന്നതാണ് ബിഎല്‍ഒയുടെ പണി. എന്നാല്‍ കേള്‍ക്കുമ്പോള്‍ എളുപ്പമെന്നു തോന്നിയെങ്കില്‍ തെറ്റി. പകലും രാത്രിയുമെന്നില്ലാത്ത അധ്വാനമാണ് ബിഎല്‍ഒയുടേത്. ഒരു മാസം എന്ന സമയപരിധിക്കുള്ളില്‍ നിന്നു കൊണ്ട് 1200 പേരുടെ വിവരങ്ങള്‍ ഓരോ ബിഎല്‍ഒയും ശേഖരിച്ച് അപ്‌ലോഡ് ചെയ്യണം. സമയമെടുത്ത് വളരെ ശ്രദ്ധിച്ച് ചെയ്യണ്ട ഒരു പണിയാണ് അവര്‍ ഒരു മാസം കൊണ്ടെടുക്കുന്നത് എന്നോര്‍ക്കണം. ഇതിനെതിരേ പല രീതിയിലുള്ള പ്രതിഷേധവും ഉയര്‍ന്നു. വിവിധ സംഘടനകള്‍ കോടതി കയറി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കോടതി കയറി. എസ്ഐആര്‍ നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

ബിഎല്‍ഒ പണി തരുന്ന സംഘര്‍ഷം വലുതാണെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. പലരും മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ ആത്മഹത്യ ചെയ്തന്നെ വാര്‍ത്ത നമ്മള്‍ കേട്ടത് ഞെട്ടലോടെയാണ്. പലയിടത്തും മേലധികാരികളില്‍ നിന്നും വലിയ തരത്തിലുള്ള സമ്മര്‍ദ്ദമാണ് ഓരോരുത്തരും നേരിടേണ്ടി വരുന്നത്.

കണ്ണൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കിയെന്ന വാര്‍ത്ത വന്നത് ഈയടുത്താണ്. പയ്യന്നൂര്‍ മണ്ഡലം 18-ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജ് (44) ആണ് ജീവനൊടുക്കിയത്. പക്ഷാഘാതം ബാധിച്ച് ബിഎല്‍ഒ കുഴഞ്ഞുവീണത് തിരുവനന്തപുരത്താണ്. കല്ലറ മഹാദേവര്‍ പച്ച സ്വദേശിയും വാമനപുരം നിയോജകമണ്ഡലത്തിലെ 44-ാം നമ്പര്‍ ബൂത്തിലെ ബൂത്ത് ലെവല്‍ ഓഫീസറുമായ ആര്‍. അനിലാണ് കുഴുഞ്ഞുവീണത്. ബിഎല്‍ഒ ജോലിക്കിടെയുണ്ടായ കടുത്ത മാനസികസമ്മര്‍ദത്തിലാണ് അനില്‍ അസുഖബാധിതനായതെന്ന് ബന്ധുക്കള്‍ പറയുന്നു.

കടുത്ത ജോലിസമ്മര്‍ദത്തെ തുടര്‍ന്നാണ് പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) അംഗനവാടി വര്‍ക്കര്‍ ശാന്തിമണി എക്ക (48) ആത്മഹത്യചെയ്തത്. രാജസ്ഥാനില്‍ നിന്നു ബിഎല്‍ഒ മരിച്ചെന്ന വാര്‍ത്തയും വന്നു. സവായ് മധോപുര്‍ ജില്ലയിലെ ഖണ്ഡര്‍ സബ് ഡിവിഷനിലുള്ള ബഹറവണ്ട ഖുര്‍ദ് ഗ്രാമത്തിലെ ബിഎല്‍ഒ ഹരിയോം ബൈര്‍വ ആണ് ഹൃദയാഘാതം മുലം മരിച്ചത്.

കപദ്വഞ്ച് താലൂക്കിലെ നവപുര ഗ്രാമത്തിലെ ഗുജറാത്ത് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ 50 വയസ്സുള്ള രമേശ്ഭായ് പര്‍മാര്‍ ഹൃദയാഘാതം മൂലം മരിച്ചെന്ന വാര്‍ത്ത വന്നതും ഈയടുത്തുതന്നെയാണ്. ബിഎല്‍ഒ ആയി ജോലി പൂര്‍ത്തിയാക്കിയ ശേഷം ബുധനാഴ്ച രാത്രി 7.30 ഓടെ വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം വീണ്ടും ഫ്രഷ് ആയ ശേഷം പേപ്പര്‍ വര്‍ക്കുകള്‍ ചെയ്യാന്‍ തുടങ്ങി. പിന്നീട് ഉറങ്ങാന്‍ കിടന്ന അദ്ദേഹം എഴുന്നേറ്റിട്ടില്ല. അമിതമായ ജോലി സമ്മര്‍ദ്ദമായിരുന്നു മരണകാരണം. ചുരുക്കിപറഞ്ഞാല്‍ എസ്‌ഐആര്‍ ആരംഭിച്ചതിനുശേഷം, അഞ്ച് ബിഎല്‍ഒമാര്‍ മരിച്ചു. പശ്ചിമ ബംഗാളില്‍ രണ്ട് പേരും കേരളം, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവും മരണത്തിനിരയായി. മരിക്കുന്നതിന് മുമ്പ് വലിയ രീതിയിലുള്ള മാനസിക സംഘര്‍ഷത്തിലൂടെയാണ് ഇവര്‍ കടന്നുപോയതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ പറയുന്നു.

1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 13 ബി (2) പ്രകാരം ജില്ലാ ഇലക്ടറല്‍ ഓഫീസര്‍, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുമായി കൂടിയാലോചിച്ച്, അധ്യാപകര്‍, കരാര്‍ അധ്യാപകര്‍, കോര്‍പ്പറേഷന്‍ നികുതി പിരിവുകാര്‍, നഗരപ്രദേശങ്ങളിലെ ക്ലറിക്കല്‍ ജീവനക്കാര്‍, അങ്കണവാടി ജീവനക്കാര്‍ , പഞ്ചായത്ത് സെക്രട്ടറി, ഗ്രാമതല തൊഴിലാളികള്‍, വൈദ്യുതി ബില്‍ റീഡര്‍മാര്‍, പോസ്റ്റ്മാന്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവരെയാണ് ബിഎല്‍ഒമാരായി നിയമിക്കുന്നത്. പലര്‍ക്കും ചെയ്യുന്ന ജോലിയില്‍ ലീവ് നല്‍കിയിട്ടുണ്ടെങ്കിലും പലര്‍ക്കും ആ ജോലിയെടുക്കേണ്ടി വരുന്നുണ്ടെന്നും റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

മുകളില്‍ നിന്നു വരുന്ന സമ്മര്‍ദ്ദവും തങ്ങള്‍ക്ക് സഹിക്കാനാവുന്നില്ലെന്ന് ബിഎല്‍ഒമാര്‍ പറയുന്നു. പലപ്പോഴും സീനിയര്‍ ഉദ്യോഗസ്ഥരുടെ ഭീഷണി കേള്‍ക്കേണ്ടി വരുന്നുണ്ടെന്നും അവര്‍ പറയുന്നു. കൊല്‍ക്കത്ത നോര്‍ത്ത് ലോക്‌സഭാ സീറ്റിലെ ബെലിയഘട്ട നിയോജകമണ്ഡലത്തിലെ ഏഴ് ബിഎല്‍ഒമാര്‍ക്കാണ് എസ്‌ഐആര്‍ എണ്ണല്‍ ഫോമുകളുടെ ഡിജിറ്റലൈസേഷന്‍ പ്രക്രിയയില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഓഫീസ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. പലപ്പോഴും വീടുകളില്‍ ചെന്ന് കാര്യങ്ങള്‍ വിശദീകരിക്കാന്‍ തന്നെ വലിയ സമയമെടുക്കും. പലര്‍ക്കും എസ്‌ഐആര്‍ എന്താണെന്നു പോലും അറിയില്ലെന്നും അത് പറഞ്ഞു മനസിലാക്കി കൊടുക്കാന്‍ സമയം ചെലവഴിക്കണമെന്നും ബിഎല്‍ഒ മാര്‍ പറയുന്നു. ഓരോ വീട്ടിലും നിന്ന് വിശദീകരക്കുമ്പോള്‍ സമയം പോകുകയും അത് കൂടുതല്‍ നേരം പണിയെടുക്കുന്ന സ്ഥിതി സംജാതമാക്കുമെന്നും അവര്‍ പറയുന്നു. തങ്ങള്‍ മനുഷ്യരല്ലേ എന്ന ഒറ്റ ചോദ്യം മതി, ബിഎല്‍ ഒ പരിവേഷം സാധാ സര്‍ക്കാര്‍ ജോലിക്കാരന് എത്ര സമ്മര്‍ദ്ദം നല്‍കി എന്നു മനസിലാക്കാന്‍.

Tags: