'പാടുന്നതും പറയുന്നതും അയ്യങ്കാളിയെ പോലുള്ളവരെ കുറിച്ച്, അതിഷ്ടമില്ലാത്തവര്‍ വേടനെതിരേ തിരിയുന്നു'; കേസുകള്‍ക്കുപിന്നില്‍ ഗൂഡാലോചനയെന്ന് കുടുംബം
കൊച്ചി: റാപ്പര്‍ വേടനെതിരായ കേസിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കുടുംബം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വേടന്‍ എപ്പോഴും സംസാരിക്കുന്നത് അയ്യങ്കാളിയെ പോലുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കളെ കുറിച്ചാണെന്നും അത് ഇഷ്ടമില്ലാത്ത ആരൊക്കെയോ വേടനെതിരേ പ്രവര്‍ത്തിക്കുന്നുവെന്നും വേടന്റെ കുടുംബം പറയുന്നു. തനിക്കെതിരെ ഗുരുതരമായ ഗൂഢാലോചന നടക്കുന്നതായി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ വേടന്‍ കോടതിയെ അറിയിച്ചിരുന്നു. ഗൂഢാലോചനയ്ക്കുള്ള തെളിവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വേടന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ആരോപണങ്ങള്‍ മൂലം വേടന്‍ വലിയ രീതിയില്‍ മാനസിക പ്രയാസം അനുഭവിക്കുന്നുണ്ടെന്നും അന്വേഷണം ഉടന്‍ നടത്തണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. അതേ സമയം, ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്റെ ചോദ്യം ചെയ്യല്‍ ഇന്നലെ അവസാനിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ളതിനാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം വേടനെ വിട്ടയച്ചു. കോടതി നടപടികളുമായി സഹകരിക്കുമെന്നും വേടന്‍ പറഞ്ഞു.