ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ്. അധികം വൈകാതെ സത്യം വെളിച്ചത്തുകൊണ്ടുവരുമെന്നും പോലിസ് അറിയിച്ചു. അസം സര്‍ക്കാര്‍ നേരിട്ടാണ് പത്തംഗ അന്വേഷണ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്.
സംഭവത്തില്‍ സുബീന്‍ ഗാര്‍ഗിന്റെ സുഹൃത്ത് അറസ്റ്റിലായിരുന്നു. സംഗീതജ്ഞന്‍ ശേഖര്‍ ജ്വാതി ഗോസ്വാമിയാണ് അറസ്റ്റിലായത്. ഗായകന്റെ മരണത്തിന് ദിവസങ്ങള്‍ക്ക് ശേഷം അസമില്‍ സുബീന്റെ മാനേജര്‍ക്കെതിരെ എസ്‌ഐടി റെയ്ഡ് നടത്തിയ അതേ ദിവസമാണ് ശേഖര്‍ ജ്വാതി ഗോസ്വാമിയുടെ അറസ്റ്റുണ്ടായത്. നിലവില്‍ അന്വേഷണസഘം ഇയാളെ ചോദ്യം ചെയ്തു വരികയാണ് .
സെപ്റ്റംബര്‍ 20, 21 തിയതികളില്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി സിങ്കപ്പൂരില്‍ എത്തിയതായിരുന്നു സുബീന്‍ ഗാര്‍ഗ്. സിങ്കപ്പൂരില്‍ വച്ച് സ്‌കൂബ ഡൈവിങ്ങിനിടെ ആയിരുന്നു മരണം. സ്‌കൂബാ ഡൈവിംങിനിടെ ഗാര്‍ഗിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നുവെന്ന് സിംഗപ്പൂരിലെ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ പ്രതിനിധി അനുജ് കുമാര്‍ ബൊറൂവ പറഞ്ഞത്. വെള്ളത്തില്‍ നിന്നും പുറത്തെടുത്ത് സിപിആര്‍ നല്‍കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സുബീന്‍ ഗാര്‍ഗ് മരിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെയാണ് പോലിസ് അന്വേഷണം ആരംഭിച്ചത്.
സിനിമാരംഗത്ത് ഏറെ ശ്രദ്ധേയനായ ഗായകനായിരുന്നു സുബീന്‍ ഗാര്‍ഗ്. നിരവധി ഭാഷകളിലുള്ള ചിത്രങ്ങളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലെ 'യാ അലി' എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധ നേടിയത്.
