ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ ദുരൂഹ മരണം; മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മയും ഇവന്റ് മാനേജര്‍ ശ്യാംകനു മഹന്തയും അറസ്റ്റില്‍

Update: 2025-10-01 05:11 GMT

ഗുവാഹാട്ടി: ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മയും ഇവന്റ് മാനേജര്‍ ശ്യാംകനു മഹന്തയും അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത്. സുബീന്റെ ഡ്രമ്മര്‍ ശേഖര്‍ ജ്യോതി ഗോസ്വാമിയെ ഗുവാഹാട്ടി പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ശ്യാംകനുവിനെതിരെ അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കല്‍, സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യല്‍ എന്നീ കേസുകളും നിലവിലുണ്ട്.ഇയാള്‍ മുന്‍ ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്തയുടെ ഇളയ സഹോദരനാണ്.

സിംഗപ്പൂരില്‍ സുബീന്‍ കയറിയെ യാത്രാബോട്ടില്‍ ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് നേരത്തെ അറസ്റ്റിലായ ജ്യോതി. സുബീന്റെ സഹോദരനും പോലിസ് ഓഫീസറുമായ സന്ദ്യപൊന്‍ ഗാര്‍ഗ്, നടി നിഷിത ഗോസ്വാമി, അമൃതപ്രഭ, ലോക്കല്‍ ടിവി ചാനല്‍ ഉടമസ്ഥന്‍ സഞ്ജീവ് നരെയ്ന്‍ എന്നിവരെ പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. സുബീന്‍ മരിക്കുന്ന സമയത്ത് ഇവരെല്ലാവരും സിംഗപ്പൂരിലുണ്ടായിരുന്നു.

സെപ്റ്റംബര്‍ 20, 21 തിയതികളില്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി സിങ്കപ്പൂരില്‍ എത്തിയതായിരുന്നു സുബീന്‍ ഗാര്‍ഗ്. സിങ്കപ്പൂരില്‍ വച്ച് സ്‌കൂബ ഡൈവിങ്ങിനിടെ ആയിരുന്നു മരണം. സ്‌കൂബാ ഡൈവിംങിനിടെ ഗാര്‍ഗിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നുവെന്ന് സിംഗപ്പൂരിലെ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ പ്രതിനിധി അനുജ് കുമാര്‍ ബൊറൂവ പറഞ്ഞത്. വെള്ളത്തില്‍ നിന്നും പുറത്തെടുത്ത് സിപിആര്‍ നല്‍കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സുബീന്‍ ഗാര്‍ഗ് മരിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെയാണ് പോലിസ് അന്വേഷണം ആരംഭിച്ചത്.

സിനിമാരംഗത്ത് ഏറെ ശ്രദ്ധേയനായ ഗായകനായിരുന്നു സുബീന്‍ ഗാര്‍ഗ്. നിരവധി ഭാഷകളിലുള്ള ചിത്രങ്ങളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലെ 'യാ അലി' എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധ നേടിയത്.

Tags: