തലശ്ശേരി: മാപ്പിളപ്പാട്ട് സംഗീത ലോകത്തിന് ഒട്ടനവധി മനോഹര ഗാനങ്ങൾ സമ്മാനിച്ച ഗായകൻ അബ്ദുസലാം പുഷ്പഗിരി (74) അന്തരിച്ചു.
എച്ച്.എം.വി. റെക്കോർഡ് കാലഘട്ടത്തിൽ പാടിയ “കോഴിക്കോട്ടെ ങ്ങാടിയിൽ കോളിളക്കം…”, “പുന്നാര മാരന്റെ വരവും കാത്ത്…”, “റബ്ബോടടുത്താൽ നൽകിടും…”, “ഒരു കിഴവി അനുദിനം…”, “മുന്തിരി…” തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ ശ്രദ്ധേയങ്ങളാണ്.
കണ്ണൂർ ജില്ലയിലെ തലശ്ശേരി കൊളത്തായിൽ ഉസ്മാൻ കുട്ടിയുടെയും കാക്കാറമ്പത്ത് പാത്തുട്ടിയുടെയും മകനായി ജനിച്ച അബ്ദുസലാം ചെറുപ്പം മുതൽ സംഗീതലോകത്ത് സജീവമായിരുന്നു. പിതാവ് ഉസ്മാൻ കുട്ടി ഗായകനും സംഗീതസംവിധായകനും ആയിരുന്നു. ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിനോടൊപ്പം നിരവധി സംഗീത പരിപാടികൾ സംഘടിപ്പിച്ചിരുന്ന കലാകാരനുമായിരുന്നു അദ്ദേഹം. പിതാവിന്റെ ഈ പാരമ്പര്യമാണ് സലാം പുഷ്പഗിരിയെ സംഗീത ലോകത്തേക്ക് എത്തിച്ചത്.
‘പുഷ്പഗിരി’ എന്ന പേര് അദ്ദേഹത്തിന്റെ പിതാവിൻ്റെ തലശ്ശേരിയിലെ സ്റ്റേഷനറി കടയുടെ പേരായിരുന്നു. പിന്നീട് അത് അബ്ദുസലാം ‘പുഷ്പഗിരി’ എന്ന പേരായി മാറാൻ കാരണമായി. നാട്ടിലും വിദേശത്തും നിരവധി ഗാനമേളകളും സംഗീത നിശകളും സംഘടിപ്പിച്ചിട്ടുള്ള അദ്ദേഹം, ഗായകനും, പാട്ടെഴുത്തുകാരനും, സംഗീതസംവിധായകനും, സംഘാടകനുമായി മാപ്പിളപ്പാട്ട് സംഗീതലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു. പ്രശസ്ത കവി ഒ. അബു സാഹിബ് മെമ്മോറിയൽ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ആദരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഇദ്ദേഹം കുറച്ചു കാലം വിശ്രമജീവിതത്തിൽ ആയിരുന്നു.
ഭാര്യ: കാത്താണ്ടി ലൈല
മക്കൾ: തസ്‌വീർ (മസ്കത്ത്), ജംഷീദ് (മസ്കത്ത്), മിഹറാജ് (പരേതൻ), ഷർമിള മനാഫ്
മരുമകൻ: അബ്ദുൽ മനാഫ്
