'വിധിയില്‍ 47 ശതമാനവും കോപ്പിയടി'; സുപ്രിംകോടതി മുന്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ ആര്‍ബിട്രേഷന്‍ ഉത്തരവ് റദ്ദാക്കി സിംഗപ്പൂര്‍ സുപ്രിംകോടതി
സിംഗപ്പൂര്‍: ഇന്ത്യയിലെ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ആര്‍ബിട്രേഷന്‍ ഉത്തരവ് സിംഗപ്പൂര്‍ സുപ്രിംകോടതി റദ്ദാക്കി. ജസ്റ്റിസ് ദീപക് മിശ്ര പുറപ്പെടുവിച്ച ഉത്തരവിന്റെ 47 ശതമാനവും മറ്റു രണ്ടു ഉത്തരവുകളില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗപ്പൂര്‍ സുപ്രിംകോടതി ചീഫ്ജസ്റ്റിസ് സുന്ദരേശ് മേനോന്‍ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
ഇന്ത്യയിലെ സര്‍ക്കാരും റെയില്‍വേ കോണ്‍ട്രാക്ടര്‍മാരും തമ്മിലുള്ള കരാര്‍ തര്‍ക്കമാണ് ആര്‍ബിട്രേഷന്‍ ട്രിബ്യൂണല്‍ പരിഗണിച്ചിരുന്നത്. 2017ല്‍ തൊഴിലാളികളുടെ മിനിമം വേതനം ഇന്ത്യയിലെ സര്‍ക്കാര്‍ ഉയര്‍ത്തി. ഇതേ തുടര്‍ന്ന് കരാര്‍ തുക വര്‍ധിപ്പിക്കണമെന്ന് കോണ്‍ട്രാക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഈ തര്‍ക്കം പരിഹരിക്കാനുള്ള ആര്‍ബിട്രറേറ്ററായിരുന്നു ജസ്റ്റിസ് ദീപക് മിശ്ര. ഈ കേസിലെ ജസ്റ്റിസ് മിശ്രയുടെ ഉത്തരവുമായി ബന്ധപ്പെട്ട കേസാണ് സിംഗപ്പൂര്‍ സുപ്രിംകോടതി പരിഗണിച്ചത്. ജസ്റ്റിസ് മിശ്രയുടെ ഉത്തരവ് അന്താരാഷ്ട്ര ആര്‍ബിട്രേഷന്റെ മാനദണ്ഡങ്ങള്‍ക്ക് എതിരാണെന്ന് സിംഗപ്പൂര്‍ സുപ്രിംകോടതി വ്യക്തമാക്കി. മറ്റൊരു വിധിയില്‍ നിന്ന് ഇത്രയേറെ ഭാഗങ്ങള്‍ പകര്‍ത്തിയെടുത്തതുകൊണ്ട് സ്വാഭാവിക നീതി കേസില്‍ ഉറപ്പാക്കിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യന്‍ സുപ്രിംകോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് ദീപക് മിശ്രയ്‌ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കേസുകള്‍ കേള്‍ക്കേണ്ട ബെഞ്ചുകളില്‍ തോന്നും പോലെ മാറ്റങ്ങള്‍ വരുത്തുന്നു എന്നായിരുന്നു പ്രധാന ആരോപണം. ഇതേ തുടര്‍ന്ന് അഞ്ച് സിറ്റിങ് ജഡ്ജിമാര്‍ ദീപക് മിശ്രക്കെതിരെ വാര്‍ത്താസമ്മേളനം നടത്തുക വരെയുണ്ടായി. ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് അക്കാലത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍, ബിജെപി എതിര്‍ക്കുകയാണ് ഉണ്ടായത്.