ആലപ്പുഴ: ആര്‍ത്തുങ്കലില്‍ നിന്നും സിന്ധു എന്ന യുവതിയെ കാണാതായ സംഭവത്തിലെ കേസില്‍ പോലിസ് പുനരന്വേഷണം ആരംഭിച്ചു. ബിന്ദു പത്മനാഭന്‍, കോട്ടയം സ്വദേശി ജെയ്‌നമ്മ, ഐഷ എന്നിവരെ കാണാതായ സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍ തന്നെയാണ് ഇതിലും സംശയപട്ടികയിലുള്ളത്.
2020 ഒക്ടോബര്‍ 19നാണ് ചേര്‍ത്തലയില്‍ നിന്ന് സിന്ധുവിനെ കാണാതായത്. ഭര്‍ത്താവുമായി പിണങ്ങി ഏറെ നാളായി മാറി താമസിച്ചുവരികയായിരുന്നു സിന്ധു. അമ്പലത്തില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് സിന്ധു ഇറങ്ങിയിരുന്നത്. പിന്നീട് തിരിച്ചുവന്നില്ല. മകളുടെ കല്യാണ നിശ്ചയത്തിന് രണ്ട് ദിവസം മുന്‍പാണ് സിന്ധുവിനെ കാണാതായത്. തെളിവുകള്‍ ഇല്ല എന്ന കാരണത്തില്‍ 2023ല്‍ അര്‍ത്തുങ്കല്‍ പോലിസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇനി ക്രൈംബ്രാഞ്ചായിരിക്കും അന്വേഷണം നടത്തുക.
ജെയ്‌നമ്മയെ സെബാസ്റ്റ്യന്‍ കൊന്നെന്ന് പോലിസ് ഏറെക്കുറെ സ്ഥിരീകരിച്ചു. ഇന്ന് സെബാസ്റ്റിയന്റെ വീട്ടില്‍ തെളിവെടുപ്പ് നടക്കുകയാണ്. കഴിഞ്ഞ ദിവസം സെബാസ്റ്റിയന്റെ വീട്ടില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. തലയോട്ടിയുടെ ഒരു ഭാഗവും കാലുകളുടെ അവശിഷ്ടങ്ങളും മാത്രമാണ് ഇതുവരെ കണ്ടെടുക്കാന്‍ സാധിച്ചത്. കൂടുതല്‍ തെളിവുകള്‍ ലഭിക്കുമോയെന്നാണ് പരിശോധിക്കുന്നത്.