ക്ഷേത്രനിര്‍മാണ യജ്ഞത്തിന് സംഭാവന ആവശ്യപ്പെട്ട് സിഖ് വിശ്വാസികള്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണം

സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തു.

Update: 2022-01-17 17:25 GMT

പാട്‌ന: ക്ഷേത്രനിര്‍മാണത്തിന് സംഭാവന ആവശ്യപ്പെട്ട് സിഖ് വിശ്വാസികള്‍ക്കു നേരെ ബിഹാറില്‍ ആള്‍ക്കൂട്ട ആക്രമണം. പഞ്ചാബിലെ മൊഹാലിയില്‍ നിന്നുള്ള ഒരു കൂട്ടം സിഖ് ഭക്തരാണ് അക്രമത്തിന് ഇരയായത്. ഞായറാഴ്ച ബിഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍ ചാര്‍പോഖാരി പോലിസ് സ്‌റ്റേഷനു കീഴിലുള്ള ധ്യാനി തോലയ്ക്കു സമീപം സംസ്ഥാന പാതയില്‍ വച്ചാണ് ഇവര്‍ അക്രമിക്കപ്പെട്ടത്.

ക്ഷേത്ര നിര്‍മാണത്തിനായി നടത്തുന്ന യജ്ഞത്തിന് സംഭാവന ആവശ്യപ്പെട്ട് ഒരു കൂട്ടം ആളുകള്‍ വാഹനത്തിലായിരുന്ന ഇവരെ ആക്രമിക്കുകയായിരുന്നു. വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിലും കല്ലേറിലും ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാട്‌നയിലെ തഖ്ത് ശ്രീ ഹരിമന്ദിര്‍ ജി സാഹിബില്‍ നടന്ന പ്രകാശ് പര്‍വ്വ് എന്ന മതചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു 60ഓളം സിഖ് വിശ്വാസികള്‍.

സംസ്ഥാന പാതയില്‍ വച്ച് ക്ഷേത്രനിര്‍മാണത്തിന് സംഭാവന ആവശ്യപ്പെട്ട് എത്തിയ ജനക്കൂട്ടം പണം നല്‍കാത്തതിന്റെ പേരില്‍ ട്രക്ക് ഡ്രൈവറെ വലിച്ചിഴച്ച് മര്‍ദ്ദിച്ചുവെന്നും പോലിസ് പറഞ്ഞു. ഡ്രൈവറെ സംരക്ഷിക്കാന്‍ ഇറങ്ങിയ സിഖ് വിശ്വാസികള്‍ക്കു നേരെയും വാഹനത്തിലുണ്ടായിരുന്നവര്‍ക്കു നേരെയും ആള്‍ക്കൂട്ടമായെത്തി കല്ലെറിയുകയായിരുന്നു. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നും സബ് ഡിവിഷനല്‍ പോലിസ് ഓഫിസര്‍ രാഹുല്‍ സിങ് പറഞ്ഞു. പരിക്കേറ്റവര്‍ ചാര്‍പോഖാരി പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തു.

Tags:    

Similar News