'രോഗികളെ ചുമന്നു കൊണ്ടുപോകുന്നത് തുടരുന്നു'; തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് വട്ടവട നിവാസികള്‍

Update: 2025-09-06 05:11 GMT

ഇടുക്കി: ഊരുകളോടുളള അവഗണന രൂക്ഷമായതോടെ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ വട്ടവടയിലെ ആദിവാസികള്‍. വട്ടവട പഞ്ചായത്തിലെ ഒന്ന്, പതിനാല് വാര്‍ഡുകളിലെ ആദിവാസികളാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിനൊരുങ്ങുന്നത്.

ആദിവാസി ഉന്നതികളിലേക്ക് സുരക്ഷിതമായ പാതയോ, വേണ്ടത്ര ചികില്‍സ സൗകര്യങ്ങളോ, വിദ്യാഭാസ സ്ഥാപനങ്ങളോ ഇപ്പോഴും യാഥാര്‍ഥ്യമായിട്ടില്ല. തങ്ങളെ കയ്യൊഴിയുന്നവര്‍ക്കു വേണ്ടി ഇനി വോട്ടു ചെയ്യേണ്ടതില്ലെന്നാണ് ഉന്നതിയിലുള്ളവരുടെ തീരുമാനം. കൂടല്ലാറ് കുടി, സ്വാമിയാറളക്കുടി, വല്‍സപ്പെട്ടിക്കുടി തുടങ്ങി വട്ടവട പഞ്ചായത്തിലെ അഞ്ചു ആദിവാസി ഉന്നതികളിലുള്ളവരാണ് വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടു ബഹിഷ്‌ക്കരണത്തിനൊരുങ്ങുന്നത്.

വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന ഉന്നതികളിലേക്കുള്ള പാതയെങ്കിലും സഞ്ചാരയോഗ്യമാക്കണമെന്നാണ് ഇവരുടെയാവശ്യം. വഴി മോശമായതിനാല്‍ രോഗികളെ ചുമന്ന് കൊണ്ടു പോകുന്നത് സ്ഥിരം സംഭവമാണ്. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് അനുവദിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

Tags: