സിസ്റ്റം വിചാരിച്ചാല്‍ ഇവിടെ എന്തും നടക്കുമെന്ന് സുജിത്ത് ദാസിനെതിരേ പരാതി നല്‍കിയ എസ്‌ഐ ശ്രീജിത്ത്
മലപ്പുറം: ജോലിയില്‍ ഇരിക്കുമ്പേള്‍ നേരിട്ട പീഡനങ്ങളെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് സുജിത്ത് ദാസിനെതിരേ പരാതി നല്‍കിയ എസ്‌ഐ ശ്രീജിത്ത്. നിലവില്‍ സംസ്ഥാന പോലിസ് മേധാവിക്ക് ജോലി ഉപേക്ഷിക്കുന്നതായി അറിയിച്ച് എസ്ഐ ശ്രീജിത്ത് നരേന്ദ്രന്‍ കത്തയച്ചു. പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും തനിക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും കത്തില്‍ പറയുന്നു.
മരംമുറിയുമായി ബന്ധപ്പെട്ട് ആദ്യം പരാതി നല്‍കിയ ആളാണ് എസ്ഐ ശ്രീജിത്ത്. എന്നാല്‍ അതിനെ തുര്‍ന്ന് താന്‍ നേരിട്ടത് വലിയ തരത്തിലുള്ള മാനസിക പ്രയാസങ്ങളാണെന്ന് അദ്ദേഹം പറയുന്നു. പരാതി പിന്‍വലിക്കാന്‍ സിപിഎം നേതാക്കളും മുതിര്‍ന്ന ഉദ്യോഗസ്ഥരും സമ്മര്‍ദ്ദം ചെലുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതിയില്‍ നിന്നു പിന്‍മാറാന്‍ പല തരത്തിലുള്ള സമ്മര്‍ദ്ദം വന്നെന്നും മലപ്പുറത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടന്നുവെന്നും ശ്രീജിത്ത് പറഞ്ഞു. തന്നെ കുറ്റക്കാരനാക്കാന്‍ നടന്ന നീക്കങ്ങള്‍ വലിയ പ്രയാസമുണ്ടാക്കിയെന്നും അതിനാല്‍ തന്നെ ഈ സിസ്റ്റത്തിനുള്ളില്‍ നിന്നു പുറത്തു കടന്നിട്ടു വേണം ഇതിനെതിരേ പ്രതികരിക്കാന്‍ എന്നും ശ്രീജിത്ത് പറയുന്നു. സിസ്റ്റം വിചാരിച്ചാല്‍ എന്തും നടക്കുമെന്നും ശ്രീജിത്ത് കൂട്ടിചേര്‍ത്തു
നേരത്തെ, ശ്രീജിത്ത് മരംമുറിക്കേസില്‍ സുജിത് ദാസിന്റെ പങ്കടക്കം വെളിപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലിസ് മേധാവിക്കും പരാതി നല്‍കി. പക്ഷെ, ഈ പരാതി ആദ്യം ഫയലില്‍ സ്വീകരിച്ചെങ്കിലും നടപടി ഉണ്ടായില്ല. പകരം തനിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചു എന്നുള്ളതാണ് രാജിക്കത്തില്‍ ശ്രീജിത്ത് സൂചിപ്പിക്കുന്നത്.
