ഷട്ട്ഡൗൺ കടുക്കുന്നു: യുഎസിൽ കൂട്ടപ്പിരിച്ചുവിടൽ തുടങ്ങി, വിദ്യാഭ്യാസ വകുപ്പ് ആദ്യം ലക്ഷ്യം
വാഷിംഗ്‌ടൺ: യുഎസിലെ സർക്കാർ ഷട്ട്ഡൗൺ പത്താം ദിവസത്തിലേക്ക് നീങ്ങുമ്പോൾ പ്രതിസന്ധി കൂടുതൽ മൂർച്ഛിക്കുകയാണ്. ഔദ്യോഗിക കൂട്ടപ്പിരിച്ചുവിടലുമായി ഭരണകൂടം രംഗത്ത്. ആവശ്യമില്ലെന്ന് കരുതുന്ന ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടാനായി ആർഐഎഫ് (Reduction In Force) നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്.
ഓഫിസ് ഓഫ് മാനേജ്മെൻ്റ് ആൻഡ് ബജറ്റ് ഡയറക്ടർ എക്സ് പോസ്റ്റിലൂടെ തന്നെ പിരിച്ചുവിടൽ ആരംഭിച്ചെന്ന് സ്ഥിരീകരിച്ചു. ആദ്യ ഘട്ടത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരെയാണ് ലക്ഷ്യമിടുന്നത്. എത്ര പേരെ പിരിച്ചുവിടും എന്നത് സംബന്ധിച്ച് വ്യക്തത ഇതുവരെ ലഭ്യമായിട്ടില്ല.
ശമ്പളമില്ലാതെ അവധി, കൂട്ടപ്പിരിച്ചുവിടൽ തുടങ്ങിയ സാധ്യതകൾ നേരത്തേ തന്നെ മുന്നറിയിപ്പായി നൽകിയിരുന്നു. ഷട്ട്ഡൗൺ ആരംഭിച്ചതോടെ നിരവധി സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം താറുമാറായിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങൾ അടഞ്ഞ് കിടക്കുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തിട്ടുണ്ട്. ആശുപത്രികളടക്കം പ്രധാന മേഖലകളെയും ഷട്ട്ഡൗൺ ഗുരുതരമായി ബാധിച്ചു.