എഐ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ശൂറാ കൗണ്‍സില്‍
മനാമ: വ്യക്തികളുടെ സല്‍പ്പേരിനും കുടുംബാംഗങ്ങളുടെ പ്രതിഷ്ഠയ്ക്കും ഹാനിയുണ്ടാക്കുന്ന വിധത്തില്‍ എഐയും ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ച് കൃത്രിമമായ ചിത്രങ്ങള്‍, വിഡിയോകള്‍, ഓഡിയോ തുടങ്ങിയവ സൃഷ്ടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് നീക്കം.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ക്രൈംസ് നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള നിര്‍ദേശത്തെ കുറിച്ച് ശൂറാ കൗണ്‍സില്‍ നാളെ വോട്ടെടുപ്പ് നടത്തും. ഭേദഗതി പ്രകാരം, മറ്റൊരാളെ അവഹേളിക്കുന്നതോ അവരുടെ സല്‍പ്പേരിന് ഹാനിയുണ്ടാക്കുന്നതോ ആയ രീതിയില്‍ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്ന പൗരന്മാര്‍ക്കും താമസക്കാര്‍ക്കും തടവ് ശിക്ഷയോ 3,000 ദിനാര്‍ മുതല്‍ 10,000 ദിനാര്‍ വരെ പിഴയോ അല്ലെങ്കില്‍ ഇവരണ്ടും ലഭിക്കാവുന്നതാണ്.
സമ്മതമില്ലാതെ എഐ ഉപകരണങ്ങളോ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളോ ഉപയോഗിച്ച് കൃത്രിമ ഓഡിയോ, വീഡിയോ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് കുറ്റകരമാക്കുകയാണ് നിയമനിര്‍മാണത്തിന്റെ ലക്ഷ്യം. ഹ്യൂമന്‍ റൈറ്റ്സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ അലി അല്‍ ഷെഹാബിയുടെ നേതൃത്വത്തിലുള്ള അഞ്ചു കൗണ്‍സില്‍ അംഗങ്ങളാണ് ഭേദഗതി നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്. എഐയുടെ അതിവേഗ വളര്‍ച്ചയും 'ഡീപ്ഫേക്ക്' ഉള്ളടക്കങ്ങളുടെ വര്‍ദ്ധനയും വ്യക്തിപരവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
'സാങ്കേതിക വിദ്യയുടെ ദുരുപയോഗം സത്യം വളച്ചൊടിക്കാനും വ്യക്തിത്വം അനുകരിക്കാനും കാരണമാകുന്നു. സാമൂഹിക സ്ഥിരതയും വ്യക്തിയുടെ അന്തസ്സും സംരക്ഷിക്കാന്‍ നിയമപരമായ ഇടപെടല്‍ അനിവാര്യമാണ്,' അലി അല്‍ ഷെഹാബി പറഞ്ഞു. ശൂറാ കൗണ്‍സില്‍ ഈ നിര്‍ദേശത്തെ അംഗീകരിച്ചാല്‍, വിദേശകാര്യം, പ്രതിരോധം, ദേശീയ സുരക്ഷാ കമ്മിറ്റി എന്നിവയ്ക്ക് വിശദമായ പഠനത്തിനായി പ്രമേയം കൈമാറും.
