ഷുഹൈബ് വധക്കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വേണമെന്ന അപേക്ഷയില്‍ ഒന്നര മാസത്തിനകം തീരുമാനമെടുക്കണം

കൊച്ചി: കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്ക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ ഒന്നര മാസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഷുഹൈബിന്റെ മാതാപിതാക്കളും ആക്രമണത്തില്‍ പരിക്കേറ്റ റിയാസ്, നൗഷാദ് എന്നിവരും നല്‍കിയ ഹരജിയിലാണ് നിര്‍ദേശം. ഭരണകക്ഷിയായ സിപിഎമ്മിന്റെ നേതൃത്വത്തിന്റെ അറിവോടെ നടത്തിയ കൊലപാതകമാണ് ഷുഹൈബിന്റേതെന്നും അതിനാല്‍ ഈ സര്‍ക്കാരിന്റെ പ്രോസിക്യൂട്ടറില്‍ നിന്ന് നീതി ലഭിക്കില്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. അതിനാലാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് 2025 മാര്‍ച്ച് 13ന് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും തീരുമാനമുണ്ടായില്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഒന്നരമാസത്തിനുള്ളില്‍ ഈ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിക്ക് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ നിര്‍ദേശം നല്‍കിയത്. അതുവരെ തലശ്ശേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന വിചാരണ സ്‌റ്റേയും ചെയ്തു.