'പോലിസ് ഐഡി കാണിച്ച് ഹോട്ടലില്‍ മുറിയെടുത്തു'; പോക്‌സോ കേസില്‍ ഫിലിപ്പ് മമ്പാടിന്റെ റിമാന്‍ഡ് റിപോര്‍ട്ട്

Update: 2026-02-19 14:59 GMT

മലപ്പുറം: മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ മുന്‍ പോലിസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസില്‍ റിമാന്‍ഡ് റിപോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്ന് പോലിസ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശത്തോടെ, കരുതിക്കൂട്ടിത്തന്നെയാണ് ഫിലിപ്പ് മമ്പാട് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയതെന്നും സമൂഹത്തില്‍ സ്വാധീനമുള്ള പ്രതി അതീവ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്നും റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു. പോലിസ് ഐഡി കാണിച്ചാണ് പ്രതി ഹോട്ടലില്‍ റൂമെടുത്തത്.

മോട്ടിവേഷന്‍ പ്രോഗ്രാമിന് കൊണ്ടുപോകുന്നു എന്ന് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍ നിന്നും കൊണ്ടുപോയത്. കുറ്റകൃത്യം പുറത്തറിഞ്ഞതോടെ അതിജീവിതയുടെ വീട്ടിലെത്തി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഫിലിപ്പ് ശ്രമിച്ചിരുന്നു. ഇത്തരക്കാര്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് നിയമവ്യവസ്ഥയെ സമൂഹം സംശയത്തോടെ കാണാന്‍ ഇടയാക്കുമെന്നും പ്രതി സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമൊക്കെ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു.

2025 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെ കൗണ്‍സിലിങ്ങിനായാണ് രക്ഷിതാക്കള്‍ ഫിലിപ്പ് മമ്പാടിനെ ഏല്‍പ്പിച്ചത്. ഒരു ഘട്ടത്തില്‍ രക്ഷിതാക്കളുടെ സമ്മതത്തോടെ പെണ്‍കുട്ടി ഇയാളുടെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്. ഈ കാലയളവില്‍, അതായത് 2025 സെപ്റ്റംബര്‍ 3,4 തീയതികളില്‍ രക്ഷിതാക്കളെ അറിയിക്കാതെ പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് കേസ്.

സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെടുകയും നിലമ്പൂര്‍ പോലിസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേരള പോലിസില്‍ സബ് ഇന്‍സ്‌പെക്ടറായിരിക്കെ സ്വയം വിരമിച്ച ഫിലിപ്പ്, സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മോട്ടിവേഷന്‍ ക്ലാസുകളിലും സജീവമായിരുന്നു.

Tags: