'ആര്‍എസ്എസ് ബന്ധത്തെ കുറിച്ച് പറയാന്‍ പാടില്ലായിരുന്നു'; എം വി ഗോവിന്ദന് പരോക്ഷ വിമര്‍ശനം

മലപ്പുറം: നിലമ്പൂര്‍ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ വിലയിരുത്തലുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദന്‍ സിപിഎമ്മിനുണ്ടായിരുന്ന ആര്‍എസ്എസ് ബന്ധത്തെ കുറിച്ച് പറയാന്‍ പാടില്ലായിരുന്നു എന്നാണ് വിലയിരുത്തല്‍. എം വി ഗോവിന്ദന്റെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം.
പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി രാജീവും എളമരം കരീമും ആണ് എം വി ഗോവിന്ദനെതിരേ വിമര്‍ശനമുന്നയിച്ചത്. വര്‍ഗീയ ശക്തികളുമായുള്ള കൂട്ടുകൂടല്‍ പരാമര്‍ശം തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷം വന്നത് തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും ഗോവിന്ദന്റെ പേര് നേതാക്കളാരും എടുത്തു പറഞ്ഞിട്ടില്ല.
അതേസമയം, എം വി ഗോവിന്ദന്റെ പരാമര്‍ശം പാര്‍ട്ടി അംഗങ്ങളിലും അണികളിലും അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട് എന്ന സൂചനകളാണ് നേതൃയോഗങ്ങളില്‍ നിന്നുയരുന്നത്. നിലമ്പൂരിലെ തോല്‍വിക്കപ്പുറത്ത് സ്വയം വിമര്‍ശനം എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക് എന്നാണ് റിപോര്‍ട്ടുകള്‍. സ്വരാജിന് വ്യക്തിപരമായി വോട്ടുകള്‍ നേടാനായെന്നും എന്നാല്‍ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നു പോയി എന്നും സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ വോട്ടുകള്‍ അന്‍വറിലേക്കു പോയിട്ടുണ്ടെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും എം വി ഗോവിന്ദനെതിരേ വിമര്‍ശനമുന്നിയിച്ചിരുന്നു. പേരെടുത്ത് പറയാതെയാണ് വിമര്‍ശനം. തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു വിമര്‍ശനം. തിരഞ്ഞെടുപ്പ് കാലത്ത് പറയുന്ന ഒരോ വാക്കും സൂക്ഷിക്കണമെന്നും മൈക്ക് കണ്ടാല്‍ വായില്‍ തോന്നിയതെന്തും വിളിച്ചു പറയാമെന്നു കരുതരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.