ദലിത് വരനെ കുതിരപ്പുറത്ത് നിന്ന് വലിച്ച് താഴെയിട്ടു; ഇനി കയറിയാല്‍ വെടിവച്ചു കൊല്ലുമെന്ന്

Update: 2025-05-23 12:55 GMT

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ദലിത് വിവാഹ പാര്‍ട്ടിക്ക് നേരെ ആക്രമണം. തോക്കുകളും മറ്റ് മാരകായധുങ്ങളുമായി എത്തിയ സവര്‍ണ സംഘം വരനായ ആകാശിനെ കുതിരപ്പുറത്ത് നിന്നും വലിച്ച് നിലത്തിടുകയും ചെയ്തു. ഇനി കുതിരപ്പുറത്തു കയറിയാല്‍ വെടിവച്ചു കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഡിജെ നടത്തിയിരുന്ന സംഘത്തിന്റെ കാറും ആക്രമണത്തിനിരയായി.



ഭൂരേക ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കിയതായി വധു കല്‍പ്പനയുടെ അമ്മാവന്‍ പുരാണ്‍ സിങ് പറഞ്ഞു. 80 ശതമാനത്തോളം ദലിതര്‍ ഉള്ള ഗ്രാമത്തില്‍ വച്ചാണ് ആക്രമണം നടന്നത്. പക്ഷേ, ദലിതുകള്‍ വ്യത്യസ്ത ജാതികളായി വേര്‍തിരിഞ്ഞിരിക്കുന്നതിനാല്‍ പ്രതിരോധിക്കാനായില്ല. ഭീം ആര്‍മി പ്രവര്‍ത്തകര്‍ എത്തി സംരക്ഷണം ഒരുക്കിയാണ് പിന്നീട് വിവാഹസംഘത്തെ അലീഗഡ് അതിര്‍ത്തിയിലെ വധുവിന്റെ വീട്ടില്‍ എത്തിച്ചത്.

പിന്നീട് അടുത്തദിവസം രാവിലെ ഒരു സംഘം കല്‍പ്പനയുടെ വീട്ടില്‍ എത്തിയും ആക്രമണം അഴിച്ചുവിട്ടു. ആറ് ബൈക്കുകളില്‍ എത്തിയ സംഘം മുഖംമൂടിയും ധരിച്ചിരുന്നു. എല്ലാവരുടെയും കൈയ്യില്‍ പിസ്റ്റളുകളോ വാളുകളോ ഉണ്ടായിരുന്നു. ഈ ആക്രമണത്തില്‍ പുരാണ്‍ സിങ്, സുരേഷ് ചന്ദ്, സുരജ് മുഖി എന്നിവര്‍ക്ക് പരിക്കേറ്റു. വീടിന് പുറത്തുനിര്‍ത്തിട്ടിയിരുന്ന വാഹനങ്ങളും ബൈക്കും വീടിന് പുറത്തിട്ടിരുന്ന കട്ടിലും കസേരയുമെല്ലാം അക്രമികള്‍ അടിച്ചു തകര്‍ത്തു.




പരിപാടി കഴിഞ്ഞ് പോവുകയായിരുന്ന കുതിരക്കാരന്‍ ഇഖുവിനെ ഒരു സംഘം ആക്രമിച്ച് പണം തട്ടിയെടുക്കുകയും ചെയ്തു. പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്തിയെങ്കിലും ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് സിഒ ഗുഞ്ചന്‍ സിംഗ് പറഞ്ഞു.