ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഷൂ എറിഞ്ഞ സംഭവം: അഭിഭാഷകനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് സുപ്രിംകോടതി. കോടതിയില്‍ മുദ്രാവാക്യം വിളിക്കുന്നതും ചെരുപ്പുകള്‍ എറിയുന്നതും കോടതിയലക്ഷ്യത്തിന് തുല്യമാണെന്നും എന്നാല്‍ കേസ് തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിയമപ്രകാരം ബന്ധപ്പെട്ട ജഡ്ജിയെ ആശ്രയിച്ചിരിക്കുമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞ അഭിഭാഷകന് അനാവശ്യ പ്രാധാന്യം നല്‍കാന്‍ മാത്രമെ, കോടതിയലക്ഷ്യ നോട്ടിസിന് കഴിയുകയുള്ളൂവെന്നും സംഭവം സ്വാഭാവികമായി അങ്ങ് അവസാനിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. അഭിഭാഷകന്‍ രാകേഷ് കിഷോറിനെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ (എസ്സിബിഎ) നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.
ഒക്ടോബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോടതി നടപടികള്‍ക്കിടെ ചീഫ് ജസ്റ്റിസിനുനേരെ അഭിഭാഷകന്‍ രാകേഷ് കിഷോര്‍ ഷൂ എറിയുകയായിരുന്നു. അതേസമയം, ഇത്തരം സംഭവങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനെക്കുറിച്ച് പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു.വിവിധ കോടതികളിലെ ഷൂ എറിയല്‍ സംഭവങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ആവശ്യപ്പെട്ടു.