തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് അണുബാധയേറ്റ് യുവതി മരിച്ച കേസില്‍ അണുബാധ ഉണ്ടായത് ആശുപത്രിയില്‍ നിന്നല്ലെന്ന് വിദഗ്ധ സമിതി. അണുബാധയുണ്ടായാണ് ശിവപ്രിയ മരിച്ചതെങ്കിലും മരണവുമായി ആശുപത്രിക്ക് ബന്ധമില്ലെന്നാണ് വിലയിരുത്തല്‍. ഒരാഴ്ച മുമ്പ് നടത്തിയ പരിശോധനയിലും ലേബര്‍ റൂമിലും പ്രസവാനന്തര ശുശ്രൂഷ നല്‍കുന്ന ഇടങ്ങളിലും അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
കൃത്യമായ ചികില്‍സ നല്‍കിയെന്നും എസ്എടിയില്‍ വച്ചല്ല അണുബാധ ഉണ്ടായതെന്നുമാണ് ഡോക്ടര്‍മാരുടെ നിലപാട്. എല്ലാ മാസവും ആശുപത്രിയിലെ വാര്‍ഡുകളിലും മറ്റും പരിശോധന നടത്താറുണ്ടെന്നും ശിവപ്രിയ ആശുപത്രിയില്‍ കിടന്ന സമയത്തും പരിശോധന നടത്തിയിരുന്നെന്നും അണുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.
എന്നാല്‍ സമിതി ഈ സംഭവത്തില്‍ ഇങ്ങനെ ഒരു കണ്ടെത്തല്‍ മാത്രമേ നടത്തുവെന്നും അതറിയാമായിരുന്നെന്നും ശിവപ്രിയയുടെ ഭര്‍ത്താവ് മനു പ്രതികരിച്ചു. നഷ്ടം സംഭവിച്ചത് തങ്ങള്‍ക്കാണെന്നും മനു പറഞ്ഞു. കഴിഞ്ഞ 22നായിരുന്നു ശിവപ്രിയയുടെ പ്രസവം. 24ന് എസ്എടിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. വീട്ടില്‍ എത്തിയശേഷം കടുത്ത പനി ആയിരുന്നു. 26നു ശിവപ്രിയയെ തിരികെ എസ്എടിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതോടെ മരിക്കുകയായിരുന്നു.