യെമനിലുണ്ടെന്ന് അന്‍സാറുല്ല മുക്കിയ കപ്പലിലെ ജീവനക്കാരന്‍

Update: 2025-07-19 05:21 GMT

കായംകുളം: യെമനിലെ അന്‍സാറുല്ല മുക്കിയ ഇസ്രായേലി ബന്ധമുള്ള കപ്പലിലെ ജീവനക്കാരന്‍ യെമനിലുണ്ടെന്ന് സ്ഥിരീകരണം. കപ്പലിലുണ്ടായിരുന്ന പത്തിയൂര്‍ക്കാല ശ്രീജാലയം വീട്ടില്‍ അനില്‍ കുമാര്‍ പുലര്‍ച്ചെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു. താന്‍ യെമനിലുണ്ടെന്നും കൂടുതലൊന്നും സംസാരിക്കാന്‍ കഴിയില്ലെന്നും അനില്‍ പറഞ്ഞു. മകന്‍ അനജിനോടും അനില്‍കുമാര്‍ സംസാരിച്ചു. പിന്നീട് വിളിക്കാമെന്നും പറഞ്ഞു. ഗ്രീക്ക് ഉടമസ്ഥതയിലുള്ള ഇന്റേണിറ്റി സി എന്ന കപ്പലിലെ സെക്യൂരിറ്റി ഓഫീസറായിരുന്നു അനില്‍കുമാര്‍.

ഈ മാസം ഏഴാംതീയതി സൊമാലിയയില്‍ ചരക്കിറക്കിയ ശേഷം ജിദ്ദയിലേക്കു വരുമ്പോഴാണ് ചെങ്കടലില്‍ വച്ച് അന്‍സാറുല്ല കപ്പലിനെ ആക്രമിച്ചത്. സ്ഥിരമായി ഇസ്രായേലില്‍ പോവുന്ന കപ്പല്‍ നിര്‍ത്താന്‍ യെമന്‍ സായുധ സേന ആവശ്യപ്പെട്ടെങ്കിലും കാപ്റ്റന്‍ നിരസിച്ചതാണ് ആക്രമണത്തിന് കാരണമായത്. കപ്പലിലുണ്ടായിരുന്നവരെ വൈദ്യചികില്‍സ നല്‍കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്ന് അന്‍സാറുല്ല സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരീ അറിയിച്ചിരുന്നു. ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് ചെങ്കടലില്‍ നിരോധനമുണ്ട്.