കൊച്ചിക്ക് സമീപം പുറംകടലില്‍ ചരക്കുകപ്പല്‍ ബോട്ടിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്; കപ്പല്‍ നിര്‍ത്താതെ പോയി
കൊച്ചി: മീന്‍പിടിക്കാന്‍ പോയ ബോട്ടില്‍ ചരക്കുകപ്പല്‍ ഇടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന് ശേഷം കപ്പല്‍നിര്‍ത്താതെ പോയി. കൊച്ചിയിലെ പുറംകടലില്‍ വ്യാഴാഴ്ചയാണ് സംഭവം. പാനമ പതാക വഹിക്കുന്ന സിആര്‍ തെത്തിസ് ഓയില്‍ കെമിക്കല്‍ ടാങ്കറാണ് നീണ്ടകരയില്‍ നിന്നുള്ള നിസ്നിയ എന്ന ബോട്ടില്‍ ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് ബോട്ടിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. 12 തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ആറുപേര്‍ കടലില്‍ വീഴുകയും ബോട്ടിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുപേര്‍ക്ക് സാരമായി പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. ചരക്കുകപ്പലിന്റെ ക്യാപ്റ്റനെതിരേ കോസ്റ്റല്‍ പോലിസ് കേസെടുത്തു.