സാര്‍വദേശീയ സാഹിത്യോത്സവം; ഡിവൈഎഫ്ഐ നേതാവ് ഷിജു ഖാനെ ഒഴിവാക്കി

Update: 2025-08-19 09:52 GMT

തൃശ്ശൂര്‍: സാര്‍വദേശീയ സാഹിത്യോത്സവത്തില്‍ നിന്ന് ഡിവൈഎഫ്ഐ നേതാവ് ഷിജു ഖാനെ ഒഴിവാക്കി. ശിശുക്ഷേമ സമിതിയുടെ ചുമതലയിലിരിക്കെ തിരുവനന്തപുരത്തെ അനുപമ എന്ന സ്ത്രീയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തിലെ ആരോപണങ്ങളെ തുടര്‍ന്നാണ് തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി പാനലിസ്റ്റായ ഒരു അഭിഭാഷക സാഹിത്യോല്‍സവത്തില്‍ നിന്നും പിന്‍മാറിയിരുന്നു. ഷിജുഖാന്‍ പങ്കെടുത്താല്‍ വിട്ടുനില്‍ക്കുമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകരും സാഹിത്യ അക്കാദമി നേതൃത്വത്തെ അറിയിച്ചു. അതിനാല്‍, ഷിജു ഖാന്‍ പങ്കെടുക്കുന്ന സെഷന്‍ തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഈ മാസം 20-ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് നടക്കാനിരുന്ന കുട്ടികളും പൗരരാണ് എന്ന വിഷയത്തിന്റെ ചര്‍ച്ചയില്‍ അധ്യക്ഷനായിരുന്നു ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗമായ ഷിജു ഖാന്‍. ഒരാളെ മാത്രം ഒഴിവാക്കുന്നത് ശരിയല്ല എന്നതിനാല്‍ പരിപാടി തന്നെ റദ്ദ് ചെയ്തുവെന്ന് അക്കാദമി പ്രസിഡന്‍ഡ് സച്ചിദാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.