യുഎന്‍ ടൂറിസം ഏജന്‍സിയുടെ ആദ്യ വനിതാ സെക്രട്ടറി ജനറല്‍ ആയി യുഎഇയിലെ ശൈഖ അല്‍ നൊവൈസ്
ദുബയ്: ഐക്യരാഷ്ട്രസഭയുടെ ടൂറിസം സ്‌പെഷ്യലൈസ്ഡ് ഏജന്‍സിയായ യുഎന്‍ ടൂറിസത്തിന്റെ പുതിയ സെക്രട്ടറി ജനറലായി യുഎഇ സ്വദേശിനി ശൈഖ അല്‍ നൊവൈസ് നിയമിതയായി. 50 വര്‍ഷത്തെ ചരിത്രത്തില്‍ സംഘടനയെ നയിക്കുന്ന ആദ്യ വനിതയായാണ് അല്‍ നൊവൈസ് സ്ഥാനമേല്‍ക്കുന്നത്.
മെയ് മാസത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അവരുടെ നിയമനം സൗദി അറേബ്യയിലെ റിയാദില്‍ ചേര്‍ന്ന 26ാമത് യുഎന്‍ ടൂറിസം ജനറല്‍ അസംബ്ലിയാണ് ഔദ്യോഗികമായി അംഗീകരിച്ചത്. 160ലധികം രാജ്യങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ഭൂരിപക്ഷ പിന്തുണയോടെയായിരുന്നു നിയമനസ്ഥിരീകരണം.
2026 മുതല്‍ 2029 വരെ നീളുന്ന കാലയളവില്‍ അല്‍ നൊവൈസ് ആഗോള ടൂറിസം വളര്‍ച്ചക്കും സഹകരണത്തിനുമായി സംഘടനയെ നയിക്കും. നിയമനാനന്തര പ്രസംഗത്തില്‍ യുഎന്‍ അംഗങ്ങള്‍ക്കുള്ള നന്ദി പ്രകടിപ്പിച്ച അവര്‍, 'യുവാക്കളെയും സ്ത്രീകളെയും പ്രാദേശിക സമൂഹങ്ങളെയും ഉള്‍പ്പെടുത്തിയാണ് ടൂറിസം മേഖലയില്‍ ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിടുന്നത്' എന്ന് വ്യക്തമാക്കി.
യുഎഇയുടെ ടൂറിസം മന്ത്രാലയം ഈ നിയമനത്തെ ആഗോള ടൂറിസം മേഖലയ്ക്കും യുഎഇയ്ക്കുംഒരു പ്രധാന നാഴികക്കല്ല് ആണെന്ന് വിലയിരുത്തി. അല്‍ നൊവൈസിന്റെ നേതൃത്വത്തില്‍ യുഎന്‍ ടൂറിസം പുതിയ ദിശകളിലേക്ക് മുന്നേറും എന്ന പ്രതീക്ഷയും മന്ത്രാലയം പ്രകടിപ്പിച്ചു.