''ആയുധം താഴെവയ്ക്കാന്‍ ഹിസ്ബുല്ല തയ്യാറല്ല; ഇസ്രായേലിന്റെ ലക്ഷ്യം ലബ്‌നാനെ കീഴ്‌പ്പെടുത്തല്‍'' :ശെയ്ഖ് നഈം ഖാസിം
ബെയ്‌റൂത്ത്: ആയുധം താഴെവയ്ക്കണമെന്ന യുഎസിന്റെ ആവശ്യം തള്ളി ഹിസ്ബുല്ല. ലബ്‌നാനെ കീഴ്‌പ്പെടുത്താന്‍ ഇസ്രായേലിനെ സഹായിക്കാനാണ് യുഎസ് ഈ ആവശ്യം മുന്നോട്ടുവച്ചതെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം ഖാസിം പറഞ്ഞു. ഹിസ്ബുല്ല ആയുധം താഴെവച്ചില്ലെങ്കില്‍ ലബ്‌നാനെ ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കിയാണ് യുഎസ് പ്രതിനിധി ടോം ബരാക്ക് ബെയ്‌റൂത്തില്‍ വന്നത്. ഇത് ഇസ്രായേലിനെ സഹായിക്കാനാണ്. അതിനാല്‍ തന്നെ ശക്തിയുടെ സ്രോതസായ ആയുധം താഴെവയ്ക്കാന്‍ ഹിസ്ബുല്ല തയ്യാറല്ലെന്ന് ശെയ്ഖ് നഈം ഖാസിം പറഞ്ഞു.
ഇസ്രായേലിനെതിരെ ലബ്‌നാന്‍ സൈന്യത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഹിസ്ബുല്ല സഹായിക്കാമെന്ന് മുമ്പ് പറഞ്ഞിരുന്നു. ലബ്‌നാനെ ഇസ്രായേലില്‍ ചേര്‍ക്കുന്നതിനെ ലോകരാജ്യങ്ങള്‍ മുഴുവന്‍ അംഗീകരിച്ചാലും ഹിസ്ബുല്ല അംഗീകരിക്കില്ല. ''ഇസ്രായേല്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്നും ഒഴിഞ്ഞുപോയിട്ട് വേണമെങ്കില്‍ നിരായുധീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാം.'' ലബ്‌നാന്റെ പുനര്‍നിര്‍മാണത്തേക്കാള്‍ പ്രധാനമാണ് ആക്രമണങ്ങള്‍ അവസാനിപ്പിക്കല്‍. യുഎസ് സമ്മര്‍ദ്ദത്തിന് വിധേയമായി അറബ് രാജ്യങ്ങള്‍ പുനര്‍നിര്‍മാണത്തില്‍ നിന്ന് പിന്‍മാറുന്നത് പോലും ലബ്‌നാന്‍ ജനതയ്ക്ക് പ്രശ്‌നമല്ല. ഇസ്രായേല്‍, യുഎസ്, ഐഎസ് എന്നിവരാണ് ലബ്‌നാന്‍ ജനതയുടെ പ്രധാനപ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.