അവാമി ലീഗിനുള്ള നിരോധനം അനീതി മാത്രമല്ല, സ്വയം പരാജയപ്പെടുത്തല്‍ കൂടിയാണെന്ന് ശൈഖ് ഹസീന
ന്യൂഡല്‍ഹി: അവാമി ലീഗ് പാര്‍ട്ടിക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച ദശലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീന. അവാമി ലീഗിനെ മാറ്റിനിര്‍ത്തിക്കൊണ്ട് നടത്തുന്ന തിരഞ്ഞെടുപ്പില്‍ ഏത് പാര്‍ട്ടിയുടെ ഗവണ്‍മെന്റ് അധികാരത്തിലെത്തിയാലും താന്‍ ബംഗ്ലാദേശിലേക്ക് തിരിച്ചുപോകില്ലെന്നും അവര്‍ വ്യക്തമാക്കി.
അവാമി ലീഗിനുള്ള നിരോധനം അനീതി മാത്രമല്ല, സ്വയം പരാജയപ്പെടുത്തല്‍ കൂടിയാണെന്ന് ഹസീന പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകള്‍ അവാമി ലീഗിനെ പിന്തുണക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ അവര്‍ വോട്ട് ചെയ്യില്ല. ഇത്രയും ആളുകളെ പുറത്തുനിര്‍ത്തി എങ്ങിനെയാണ് വിശ്വസനീയമായ ഒരു രാഷ്ട്രീയ സംവിധാനം കെട്ടിപ്പടുക്കുകയെന്നും ഹസീന ചോദിച്ചു.
തനിക്കെതിരേ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളില്‍ തനിക്ക് വ്യക്തിപരമായി പങ്കില്ലെന്ന് ഹസീന പറഞ്ഞു. തനിക്കെതിരായ നടപടികള്‍ രാഷ്ട്രീയപ്രേരിതമായ കപടനാടകമാണ്. നിക്ഷിപ്ത താത്പര്യമുളള കോടതിയാണ് യൂനുസ് സര്‍ക്കാര്‍ കൊണ്ടുവന്നത്. തനിക്കെതിരായ വിധി മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും മുന്‍കൂര്‍ നോട്ടിസോ സ്വയം പ്രതിരോധിക്കാനുള്ള അര്‍ഥവത്തായ അവസരമോ തനിക്ക് നിഷേധിക്കപ്പെട്ടുവെന്നും ഹസീന പറഞ്ഞു.നിലവില്‍ നൊബേല്‍ പുരസ്‌കാര ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഗവണ്‍മെന്റാണ് ബംഗ്ലാദേശ് ഭരിക്കുന്നത്.
അവാമി ലീഗ് സര്‍ക്കാരിനെതിരേ 2024 ജൂലൈ 15 നും ഓഗസ്റ്റ് അഞ്ചിനും ഇടയിലാണ് വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ഈ പ്രതിഷേധങ്ങളില്‍ 1,400 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപോര്‍ട്ട്. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഭൂരിഭാഗവും സുരക്ഷാ സേനയുടെ വെടിവയ്പിലാണ് സംഭവിച്ചതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. 1971ലെ സ്വാതന്ത്ര്യസമരത്തിനുശേഷം ബംഗ്ലാദേശില്‍ ഉണ്ടായ ഏറ്റവും വലിയ അക്രമമായിരുന്നു ഇത്.
