അന്റാര്‍ട്ടിക്കയിലെ ആഴക്കടലില്‍ സ്രാവ്; ശാസ്ത്രലോകത്തെ അമ്പരപ്പിച്ച അപൂര്‍വ്വ ദൃശ്യം
മെല്‍ബണ്‍: സ്രാവുകള്‍ക്ക് അതിജീവിക്കാന്‍ കഴിയില്ലെന്ന് കരുതപ്പെട്ടിരുന്ന അന്റാര്‍ട്ടിക്കയിലെ കൊടുംതണുപ്പുള്ള ആഴക്കടലില്‍ നിന്ന് സ്രാവിന്റെ ദൃശ്യങ്ങള്‍ ആദ്യമായി പകര്‍ത്തി ശാസ്ത്രജ്ഞര്‍. മിന്‍ഡെറൂ-യുഡബ്ലിയുഎ ഡീപ് സി റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് അപൂര്‍വ്വ കണ്ടെത്തലിന് പിന്നില്‍.
ദക്ഷിണ ഷെറ്റ്‌ലാന്‍ഡ് ദ്വീപുകള്‍ക്ക് സമീപം ഏകദേശം 490 മീറ്റര്‍ ആഴത്തിലുള്ള കടലിലാണ് മൂന്നു മുതല്‍ നാലു മീറ്റര്‍ വരെ നീളമുള്ള സ്രാവിനെ കണ്ടെത്തിയത്. അന്റാര്‍ട്ടിക്കയിലെ മൈനസ് ഡിഗ്രി തണുപ്പില്‍ സ്രാവുകള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇതുവരെയുള്ള പൊതുവായ ശാസ്ത്രീയ ധാരണ. എന്നാല്‍, വെറും 1.27 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള വെള്ളത്തില്‍ സ്വതന്ത്രമായി നീന്തിനടക്കുന്ന സ്രാവിന്റെ ദൃശ്യങ്ങളാണ് ഗവേഷകര്‍ പുറത്തുവിട്ടത്. റിമോട്ട് കണ്‍ട്രോള്‍ഡ് അണ്ടര്‍വാട്ടര്‍ ക്യാമറ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
'അന്റാര്‍ട്ടിക്കയില്‍ സ്രാവുകളെ പ്രതീക്ഷിച്ചല്ല ഞങ്ങള്‍ ദൗത്യത്തിന് പോയത്. അവിടെ സ്രാവുകളില്ല എന്നതായിരുന്നു പൊതുവായ വിലയിരുത്തല്‍. എന്നാല്‍ ചെറിയൊരു സ്രാവിനെയല്ല, ഒരു ടാങ്കിന്റെ അത്രേം കരുത്തുള്ള വലിയ സ്രാവിനെയാണ് കണ്ടത്,' എന്ന് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ അലന്‍ ജാമിസണ്‍ പ്രതികരിച്ചു.
ആഴക്കടലില്‍ മരിച്ച തിമിംഗലങ്ങളുടെയും മറ്റു സമുദ്രജീവികളുടെയും അവശിഷ്ടങ്ങള്‍ ഭക്ഷണമായി സ്വീകരിച്ചാകാം ഇവ തണുത്ത സാഹചര്യങ്ങളിലും അതിജീവിക്കുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. 'സ്ലീപ്പര്‍ ഷാര്‍ക്ക്' വിഭാഗത്തില്‍പ്പെടുന്ന ഈ ഇനങ്ങള്‍ കാലങ്ങളായി ഈ മേഖലയില്‍ ഉണ്ടായിരിക്കാമെന്നും, എന്നാല്‍ ക്യാമറ കണ്ണുകളില്‍ ആദ്യമായാണ് പതിയുന്നതെന്നും മറൈന്‍ ബയോളജിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.
