ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ പൗരത്വം എടുത്തുകളയാനുള്ള നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് യുഎപിഎ പ്രകാരം ജയിലില്‍ അടച്ച ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. ജയിലില്‍ തുടരുന്ന ഷര്‍ജീല്‍ സ്വതന്ത്രനായാണ് മല്‍സരിക്കുക. കിഷന്‍ഗഡ് ജില്ലയിലെ ബഹദൂര്‍ഗഡ് മണ്ഡലമാണ് ഷര്‍ജീല്‍ ഇമാം നോക്കുന്നത്. ബിഹാറിലെ ജഹനാബാദ് ജില്ലയിലെ കാക്കോ ഗ്രാമത്തില്‍ നിന്നാണ് ഷര്‍ജീല്‍ ജെഎന്‍യുവില്‍ എത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ഷര്‍ജീല്‍ നടത്തിയ പ്രസംഗങ്ങളാണ് ഡല്‍ഹി കലാപത്തിന് കാരണമെന്നാണ് പോലിസ് വാദിക്കുന്നത്. അതിനാല്‍ തന്നെ ഗൂഡാലോചനാക്കുറ്റവും ചുമത്തിയിട്ടുണ്ട്.