ഞാന്‍ ഒരു 'തീവ്രവാദിയോ ദേശവിരുദ്ധനോ' അല്ലെന്ന് ഷര്‍ജീല്‍ ഇമാം; കലാപം ആസൂത്രിതമെന്ന് പോലിസ്
ന്യൂഡല്‍ഹി: താന്‍ കുറ്റക്കാരനോ തീവ്രവാദിയോ ദേശവിരുദ്ധനോ അല്ലെന്ന് ഡല്‍ഹി കലാപകേസില്‍ പങ്കുണ്ടെന്നാരോപിച്ച് ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഷര്‍ജീല്‍ ഇമാം. കേസില്‍ ജാമ്യം തേടുന്നതിനിടെയാണ് പരാമര്‍ശം. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എന്‍ വി അഞ്ജരിയയും അടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്. ഷര്‍ജീല്‍ ഇമാമിനു വേണ്ടി അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ ദവേ ഹാജരായി.
'ഞാന്‍ ഒരു തീവ്രവാദിയോ ദേശവിരുദ്ധനോ അല്ല. ഞാന്‍ ഈ രാജ്യത്തെ ഒരു പൗരനാണ്, ഒരു കുറ്റത്തിനും ശിക്ഷിക്കപ്പെട്ടിട്ടില്ല,' 2020 മാര്‍ച്ചില്‍ ഗൂഢാലോചന കുറ്റം ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ ഇമാം കസ്റ്റഡിയിലായിരുന്നുവെന്ന് ദവേ പറഞ്ഞു. 'എന്റെ പ്രസംഗങ്ങള്‍ കലാപത്തിലേക്ക് നയിച്ചില്ല. അവര്‍ക്കുവേണ്ടി ഞാന്‍ ഇതിനകം തന്നെ വിചാരണ നേരിടുകയായിരുന്നു,' ഇമാമിനു വേണ്ടി അദ്ദേഹം കൂട്ടിചേര്‍ത്തു.
കലാപസമയത്ത് ഉമര്‍ ഖാലിദ് ഡല്‍ഹിയില്‍ പോലും ഉണ്ടായിരുന്നില്ല എന്ന് ഉമര്‍ ഖാലിദിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. 2020 ഫെബ്രുവരി 17 ന് അമരാവതിയില്‍ ഖാലിദ് നടത്തിയ പ്രസംഗത്തിന്റെ റെക്കോര്‍ഡിംഗ് പ്ലേ ചെയ്തുകൊണ്ട്, ഇത് എങ്ങനെയാണ് യുഎപിഎയുടെ ലംഘനമാകുന്നത്? എന്നും അദ്ദേഹം ചോദിച്ചു. ഖാലിദിനെ ജയിലില്‍ അടയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗൂഢാലോചന കുറ്റം നിലനില്‍ക്കണമെങ്കില്‍ പ്രോസിക്യൂഷന്‍ വ്യക്തമായ ഒരു നിയമം സ്ഥാപിക്കണമെന്ന് ദവേ വാദിച്ചു. 2020 ലെ അക്രമം സ്വയമേവ നടന്നതല്ലെന്നും മറിച്ച് രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്നുമാണ് ജാമ്യാപേക്ഷകളെ എതിര്‍ത്ത പോലിസിന്റെ വാദം.
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രതിഷേധങ്ങള്‍ക്കിടയില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തിന്റെ 'സൂത്രധാരന്മാര്‍' ആണെന്ന് ആരോപിച്ചാണ് ഉമര്‍ ഖാലിദ്, ഇമാം, ഫാത്തിമ്മ, മീരാന്‍ ഹൈദര്‍, ഷദാബ് അഹമ്മദ് എന്നിവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമവും ഐപിസിയുടെ വിവിധ വകുപ്പുകളും പ്രകാരം കേസെടുത്തത്.
