അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറന്‍സിക് റിപോര്‍ട്ട്

Update: 2025-07-28 15:20 GMT

ഷാര്‍ജ: റോളയിലെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറന്‍സിക് റിപോര്‍ട്ട്. മരണത്തില്‍ മറ്റ് അസ്വാഭാവികതകള്‍ ഇല്ലെന്നും ശരീരത്തിലെ മുറിപ്പാടുകള്‍ക്ക് പഴക്കമുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. മൃതദേഹം നാളെ രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാനാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ബന്ധുക്കള്‍ അറിയിച്ചു.

മരണം നടന്ന പത്തുദിവസം പൂര്‍ത്തിയാകുമ്പോഴാണ് അതുല്യയുടെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്തുവരുന്നത്. പരാതിയില്‍ പറഞ്ഞിരുന്ന കാര്യങ്ങളും ലഭിച്ച ദൃശ്യങ്ങളും ഫോണ്‍ ചാറ്റുകളുമെല്ലാം പോലിസ് വിശദമായി പരിശോധിച്ചു. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഫോറന്‍സിക് ഫലം ഇത്രയും ദിവസം നീണ്ടത് എന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചു.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഫോറന്‍സിക് ഫലം പുറത്തുവന്നത്. അതുകൊണ്ടുതന്നെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ച ഉച്ചയോടെ ഇത്തരത്തിലുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കും. വൈകുന്നേരത്തോടെ എംബാമിംഗ് നടപടികളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ നാളെ രാത്രിയില്‍തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.