തിരുവനന്തപുരം: വീഡിയോയിലൂടെ ലൈംഗിക അധിക്ഷേപം നടത്തിയ കേസിലെ പ്രതിയും ഓണ്‍ലൈന്‍ ചാനലുടമയുമായ ഷാജന്‍ സ്‌കറിയക്ക് ജാമ്യം. കേസിൽ അറസ്റ്റിന് ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഷാജന്‍ സ്‌കറിയയ്ക്ക് രാത്രി വൈകി ഉപാധികളോടെ ജാമ്യം ലഭിച്ചു.
അച്ഛനും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന തന്നെ ഷര്‍ട്ടിടാന്‍പോലും അനുവദിക്കാതെയാണ് കസ്റ്റഡിയിലെടുത്തതെന്ന് ഷാജൻ പിന്നീട് പറഞ്ഞു. സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വാര്‍ത്ത നല്‍കുന്നതിന്റെ പ്രതികാരമാണ് അറസ്റ്റെന്നും പതിവ് പോലെ ഷാജൻ ആരോപിച്ചു.
ഷാജൻ്റെ മറുനാടൻ മലയാളി എന്ന ഓൺലൈൻ ചാനൽ 2024 ഡിസംബര്‍ 23-ന് പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ചുവെന്നാണ് പരാതി. യുഎഇയില്‍ പ്രമുഖ ബാങ്കിലെ ജീവനക്കാരിയാണ് താനെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 79-ാം വകുപ്പും ഐടി നിയമത്തിലെ 120-ാം വകുപ്പുപ്രകാരവുമാണ് കേസെടുത്തത്. പ്രതിയെതിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് തിരുവനന്തപുരം സൈബര്‍ പോലിസ് അറസ്റ്റ് ചെയ്തത്.