ഷാജഹാനെ വെട്ടിയത് ഒറിജിനല്‍ ആര്‍എസ്എസുകാര്‍; എന്റെ മകനും ഉണ്ടായെന്ന് നിലപാട് മാറ്റി ദൃക്‌സാക്ഷി

'ശബരിയും അനീഷും ഒറിജിനല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തകരാണ്,അതില്‍ യാതൊരു സംശയവുമില്ല. ഞാനൊരു പാര്‍ട്ടി മെമ്പറാണ്,' സുരേഷ് പറഞ്ഞു

Update: 2022-08-15 07:11 GMT

പാലക്കാട്: പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തില്‍ നിലപാട് മാറ്റി ദൃക്‌സാക്ഷി സുരേഷ്.കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയാണെന്നും,തന്റെ മകനും അക്രമിസംഘത്തിലുണ്ടായിരുന്നതായി സംശയിക്കുന്നതായും സുരേഷ് പറഞ്ഞു.

ആക്രമി സംഘത്തില്‍ എട്ടോളം പേര്‍ ഉണ്ടായിരുന്നതായും എന്നാല്‍ ഷാജഹാനെ വെട്ടി വീഴ്ത്തിയത് ശബരിയും അനീഷും ചേര്‍ന്നാണെന്നും സുരേഷ് പറഞ്ഞു.ഷാജഹാന്റെ കഴുത്തിനും കാലിനും ഇവര്‍ വെട്ടിയതെന്നും സുരേഷ് പറഞ്ഞു.'ദേശീയ പതാക ഉയര്‍ത്താനുള്ള ഒരുക്കങ്ങളിലായിരുന്നു. കുട്ടികള്‍ക്ക് മിഠായി വാങ്ങിക്കണം എന്നെല്ലാം പറഞ്ഞ് പൈസ പിരിച്ചെടുത്ത് വന്നതാണ്. ഇന്നലെ വൈകുന്നേരം അവര്‍ രക്ഷാബന്ധന്‍ കെട്ടിക്കൊണ്ടുവന്നു. എന്താണെന്ന് ഷാജഹാന്‍ ചോദിച്ചപ്പോള്‍ നിനക്ക് പണിയുണ്ട് എന്ന് നവീന്‍ എന്നയാള്‍ പറഞ്ഞു. ശബരി എന്നയാളാണ് ഓടിവന്ന് ഷാജഹാന്റെ കാലില്‍ വെട്ടിയത്. പിന്നാലെ അനീഷും സുജീഷും വെട്ടി. എന്നെയും കൂടി കൊല്ല് എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അച്ഛനാണ് മാറ്റൂ എന്ന് എന്റെ മകന്‍ സുജീഷ് പറഞ്ഞു.അപ്പോഴാണ് അവര്‍ ഓടിയത്. ഞാന്‍ ഷാജഹാനെയുമെടുത്ത് ആശുപത്രിയിലേക്ക് പോയി. ശബരിയും അനീഷും നേരത്തെ പാര്‍ട്ടി മെമ്പര്‍മാരായിരുന്നു' സുരേഷ് പറഞ്ഞു. 'ശബരിയും അനീഷും ഒറിജിനല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തകരാണ്,അതില്‍ യാതൊരു സംശയവുമില്ല. ഞാനൊരു പാര്‍ട്ടി മെമ്പറാണ്,' സുരേഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഷാജഹാനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നവര്‍ നേരത്തെ സിപിഎം പ്രവര്‍ത്തകരായിരുന്നുവെന്നും ഇപ്പോള്‍ ബിജെപിയുമായി സഹകരിക്കുന്നവരാണെന്നും കുന്നംകാട് മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉണ്ണിക്കണ്ണന്‍ പറഞ്ഞു.'യാതൊരു പ്രശ്‌നവുമില്ലാത്ത സ്ഥലമായിരുന്നു. സമ്മേളനത്തില്‍ വെച്ച് ഉപദേശിച്ചത് ഇഷ്ടമാകാതിരുന്ന കുറച്ചുപേര്‍ പാര്‍ട്ടിയില്‍ നിന്ന് പോയി. ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇന്നലെ രക്ഷബന്ധന്‍ കെട്ടി. ഇന്നലെ ഫ്‌ലക്‌സ് വെച്ചതിനെ ചൊല്ലി തര്‍ക്കമുണ്ടായി. നവീന്‍ വന്നിട്ട് ഷാജഹാനെ കൊല്ലും വെട്ടും എന്നൊക്കെ പറഞ്ഞു' ഉണ്ണിക്കണ്ണന്‍ പറഞ്ഞു.

കഴിഞ്ഞദിവസം രാത്രി 9.15 ഓടെയായിരുന്നു കൊലപാതകം നടന്നത്.ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. മാരകമായി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Similar News