'മതമേധാവികള്‍ നടത്തുന്ന നിഴല്‍ യുദ്ധം ആര്‍എസ്എസ് അജണ്ട'; എന്‍ കെ റഷീദ് ഉമരി

Update: 2026-02-05 12:47 GMT

തിരുവനന്തപുരം: നിക്ഷിപ്ത താല്പര്യത്തോടെ ചില മതമേധാവികള്‍ നടത്തുന്ന നിഴല്‍ യുദ്ധങ്ങള്‍ക്കു പിന്നില്‍ ആര്‍എസ്എസ് അജണ്ടയാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി. സഭാ തര്‍ക്കത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണ് എന്ന തരത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തേതില്‍ നടത്തിയ പരാമര്‍ശം സാമൂഹിക ധ്രുവികരണത്തിന് ആക്കം കൂട്ടുന്നതും അപഹാസ്യവുമാണ്. ബിജെപി ഭരണകൂടം നിരോധിച്ചതും ഇപ്പോള്‍ നിലവിലില്ലാത്തതുമായ ഒരു സംഘടനയുടെ പേര് സഭാ തര്‍ക്കത്തിലേക്ക് വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണ്.

കേന്ദ്ര ബജറ്റില്‍ പോലും കേരളത്തെ അവഗണിച്ചത് കേരളം മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ സ്വഭാവത്തിന്റെ പേരിലാണെന്നിരിക്കെ, ബോധപൂര്‍വ്വം വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും സംശയവും വെറുപ്പും ഉണ്ടാക്കേണ്ടത് സംഘപരിവാറിന്റെ മാത്രം ആവശ്യമാണെന്ന തിരിച്ചറിവ് മതമേധാവികള്‍ക്ക് ഉണ്ടാകണം. വിശ്വാസം, അനുഷ്ഠാനം എന്നീ കാര്യങ്ങളില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കുമിടയില്‍ ഭിന്നത ഉണ്ടെന്നിരിക്കെ മറ്റു സാമൂഹിക വിഭാഗങ്ങളിലേക്ക് അത് കെട്ടിയേല്‍പ്പിക്കുന്നത് സഭ അധ്യക്ഷന്മാരുടെ പദവിക്കു നിരക്കാത്തതാണ്. ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി സംഘപരിവാര്‍ ആക്രമണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലത്ത് കേരളത്തില്‍ സംഘപരിവാര്‍ താല്പര്യങ്ങള്‍ക്കു വേണ്ടി കുളം കലക്കുന്ന അജണ്ടകളില്‍ നിന്നും മതമേലധ്യക്ഷന്മാര്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.