സംഘടന മാറി കൊടിമരം പിഴുത് എസ്എഫ്‌ഐക്കാര്‍

Update: 2025-05-16 11:55 GMT

കണ്ണൂര്‍:മലപ്പട്ടണത്ത് കോണ്‍ഗ്രസിന്റേതെന്ന് കരുതി മറ്റൊരു സംഘടനയുടെ കൊടിമരം പിഴുത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ, നിലവില്‍ സിപിഎമ്മിന് പിന്തുണ നല്‍കുന്ന പി കെ രാഗേഷിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച രാജീവ് ജി കള്‍ച്ചറല്‍ ഫോറത്തിന്റെ കൊടിമരമാണ് എസ്എഫ്‌ഐക്കാര്‍ പിഴുതത്. പിഴുതെടുത്ത കൊടിമരം ചുമന്നുകൊണ്ടാണ് പ്രകടനം മുന്നോട്ട് പോയത്. പിന്നീട് ഇതിനെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉപേക്ഷിച്ചു.

കെ സുധാകരന്‍ എംപിയുടെ ചിത്രമുള്ള ഫ്‌ലക്‌സ് ബോര്‍ഡുകളും നശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നു പഴയ സ്റ്റാന്‍ഡിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഇതിനിടെ വഴിയരികില്‍ കണ്ട ഫ്‌ലക്‌സുകളും കൊടിമരവും നശിപ്പിക്കുകയായിരുന്നു.

മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു എസ്എഫ്‌ഐ മാര്‍ച്ച്. ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ധീരജിനെ കൊന്നിട്ടും പക അവസാനിപ്പിക്കാന്‍ തയാറാകുന്നില്ലെന്ന് ശരത് പറഞ്ഞു.