സംസ്‌കൃതം വായിക്കാനറിയാത്ത എസ്എഫ്‌ഐ നേതാവിന് പിഎച്ച്ഡിയെന്ന് ആരോപണം

Update: 2025-10-28 14:11 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എസ്എഫ്‌ഐ നേതാവിന് പിഎച്ച്ഡി നല്‍കിയതില്‍ വിവാദം. കാര്യവട്ടം കാമ്പസിലെ എസ്എഫ്‌ഐ നേതാവ് വിപിന്‍ വിജയന്റെ സംസ്‌കൃതത്തിലെ പിഎച്ച്ഡി സംബന്ധിച്ചാണ് പരാതി ഉയര്‍ന്നത്. മൂല്യനിര്‍ണയ ബോര്‍ഡ് ചെയര്‍മാന്‍ ഗവേഷണ ബിരുദം നല്‍കാമെന്ന് ശുപാര്‍ശചെയ്‌തെങ്കിലും സംസ്‌കൃത ഭാഷ പോലും വിദ്യാര്‍ഥിക്ക് അറിയില്ലെന്ന് കാണിച്ച് ഓറിയന്റല്‍ ഭാഷാ വിഭാഗം ഡീന്‍ ഡോ.സി എന്‍ വിജയകുമാരി വിസിക്ക് കത്തു നല്‍കി. തുടര്‍ന്ന് വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ അന്വേഷണത്തിനും നിര്‍ദേശിച്ചു.

ഈ മാസം അഞ്ചിന് നടന്ന ഓപ്പണ്‍ഡിഫന്‍സില്‍ വിപിന്‍വിജയന് സംസ്‌കൃതം സംസാരിക്കാന്‍പോലും അറിയില്ലെന്ന് തെളിഞ്ഞുവെന്ന് ഡോ.സി എന്‍ വിജയകുമാരിയുടെ കത്ത് പറയുന്നു. റിസര്‍ച്ച് മെത്തഡോളജി, കണ്ടെത്തലുകള്‍ എന്നിവയിലും പിഴവുണ്ടെന്നാണ് ഡീന്‍ പറയുന്നത്. ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ വ്യക്തി വിരോധമാണെന്ന് വിപിന്‍വിജയന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി സമിതിയും ആവശ്യപ്പെട്ടു.