കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പടെ നാലുപേര്‍ക്കെതിരേ ലൈംഗിക അതിക്രമം
ശിശുസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരേ കേസ്
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പടെ നാലു പേര്‍ക്കെതിരേ ലൈംഗിക അതിക്രമം. സംഭവത്തില്‍ കാക്കനാട് ശിശുസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരേ തൃക്കാക്കര പോലിസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മാനസിക വെല്ലുവിളി നേരിടുന്ന ഇതര സംസ്ഥാനക്കാരിയായ 14 വയസുകാരി ക്രൂരതയ്ക്കിരയായി. സംഭവത്തില്‍ ശിശു സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരന്‍, ഡ്രൈവര്‍, ഗേറ്റ് കീപ്പര്‍ എന്നിവര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് തൃക്കാക്കര പോലിസ് അറിയിച്ചു. കൂടുതല്‍ കുട്ടികള്‍ ചൂഷണത്തിനിരയായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
ഇവിടെ നിന്ന് ഒരു പെണ്‍കുട്ടിയെ മറ്റൊരു സ്ഥാപനത്തിലേക്കു മാറ്റിയപ്പോഴാണ് വിവരം പുറത്തുവന്നത്. പെണ്‍കുട്ടിക്കുണ്ടായ അണുബാധയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായത്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന് പോലിസ് അന്വേഷിക്കുകയാണ്.