ലൈംഗികാതിക്രമ പരാതി; മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ്
സംവിധായികയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. അന്വേഷണ പുരോഗതിയറിയിച്ച് തിങ്കളാഴ്ച റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കന്റോണ്‍മെന്റ് പോലിസിനു കോടതി നിര്‍ദേശം നല്‍കി. സംവിധായികയുടെ രഹസ്യമൊഴി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വരുംദിവസങ്ങളില്‍ രേഖപ്പെടുത്തും. വനിതാ ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പി ടി കുഞ്ഞുമുഹമ്മദിനെതിരേ കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു പി ടി കുഞ്ഞുമുഹമ്മദ്. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനു വേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയായ ചലച്ചിത്ര പ്രവര്‍ത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങള്‍ താമസിച്ചിരുന്നത്. സ്‌ക്രീനിങിനു ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
കുഞ്ഞുമുഹമ്മദിനെ അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതുവരെ കാത്തിരിക്കാനാണ് പോലിസ് തീരുമാനം. സ്ത്രീക്കെതിരായ ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശാരീരിക സമ്പര്‍ക്കം, ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുക എന്നീ വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരേ ചുമത്തിയിട്ടുള്ളത്. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ഡിസംബര്‍ എട്ടിനാണ് കന്റോണ്‍മെന്റ് പോലിസ് കേസെടുത്തത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലിസ് കേസെടുത്തത്.