ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നാണ് രഞ്ജിത്തിന്റെ വാദം. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിക്കുകയാണ് അന്വേഷണ സംഘം.
കഴിഞ്ഞ ദിവസം പോലിസ് കസ്റ്റഡിയിലുണ്ടായിരുന്ന രഞ്ജിത്തിനെ കാരവാനില്‍ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ജാമ്യം അനുവദിക്കരുതെന്നും, കസ്റ്റഡിയില്‍ വേണമെന്നും പോലിസ് ആവശ്യപ്പെടും. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിക്കും. രഞ്ജിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലിസ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. നേരത്തെ രഞ്ജിത്തിനെ ഫോര്‍ട്ടുകൊച്ചിയിലെ ലൊക്കേഷനിലെത്തിച്ച് തെളിവെടുത്തിരുന്നു.
വോട്ട് രേഖപ്പെടുത്താനുള്ള മൗലികാവകാശം ഉപയോഗപ്പെടുത്തണം, ആരോഗ്യസ്ഥിതി മോശമാണ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിന് വേണ്ടി രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രഞ്ജിത്തിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല. ജയിലിലുള്ളയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 1951ലെ നിയമപ്രകാരം ജയിലില്‍ കിടക്കുന്ന പ്രതിക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും പ്രോസിക്യൂഷന്‍ നിലപാട് കോടതി അംഗീകരിച്ചു.
സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. അതുകൊണ്ട് പ്രതിച്ചേര്‍ക്കപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്നും ജാമ്യം നല്‍കി വിട്ടാല്‍ കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ അറിയിക്കും. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.
