മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ലൈംഗികാതിക്രമ കേസ്; ഫലപ്രദമായ അന്വേഷണത്തില്‍ പാരിതോഷികം പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പ്
ബെംഗളൂരു: മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ലൈംഗികാതിക്രമ കേസുകളിലെ ഫലപ്രദമായ അന്വേഷണത്തിനും വിജയകരമായ ജുഡീഷ്യല്‍ പ്രക്രിയയ്ക്കും സംസ്ഥാന ആഭ്യന്തര വകുപ്പ് 35 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
ഉത്തരവ് പ്രകാരം, ഡിജി, ഐജിപി തസ്തികകള്‍ വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് 20,000 രൂപ വീതം വച്ച് ആകെ 25 ലക്ഷം രൂപയും, ഡിജിപി, എഡിജിപി, ഐജിപി തസ്തികകള്‍ വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് 8,000 രൂപ വീതം വച്ച് ആകെ 3 ലക്ഷം രൂപ വീതവും അനുവദിച്ചിട്ടുണ്ട്.
മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരേ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളുടെ ഫലപ്രദമായ അന്വേഷണത്തിനും പ്രോസിക്യൂഷനും അംഗീകാരമായാണ് ഈ അവാര്‍ഡുകള്‍ നല്‍കിയത്.പോലിസ് വകുപ്പിലെ പ്രൊഫഷണലിസം, ഉത്തരവാദിത്തം, മികവ് എന്നിവ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാഷ് റിവാര്‍ഡ് നല്‍കുന്നതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.
സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളിയെ ശിക്ഷിക്കുന്നതില്‍ ഉദ്യോഗസ്ഥരും ജീവനക്കാരും നിര്‍ണായക പങ്ക് വഹിച്ചു. ലൈംഗികാതിക്രമ കേസിലെ പ്രതിയായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.