കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതക്കെതിരേ ലൈംഗികാതിക്രമം; മുംബൈ സ്വദേശിക്കെതിരേ കേസെടുത്തു

Update: 2026-02-09 02:54 GMT

കൊച്ചി: കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കേസെടുത്തു. തായ്വാന്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ മുംബൈ സ്വദേശിക്കെതിരേയാണ് പോലിസ് കേസെടുത്തത്. നവി മുംബൈ സ്വദേശിയായ സുമിത് എന്നയാള്‍ക്കെതിരേയാണ് കേസ്. മൂന്നു ദിവസം മുന്‍പ് നടന്ന അതിക്രമത്തില്‍ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ഇ-മെയിലായാണ് പരാതി ലഭിച്ചത്. യുവതിയുമായി അടുപ്പം സ്ഥാപിച്ച് മോശമായി പെരുമാറുകയായിരുന്നു എന്നാണ് പരാതി. ഇയാള്‍ക്ക് ബിനാലെയുമായി നേരില്‍ ബന്ധമുണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ പോലിസ് അന്വേഷിക്കുകയാണ്.

ബിനാലെയില്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കാനെത്തിയ സംഗീതജ്ഞ കൂടിയായ തായ്‌വാന്‍ സ്വദേശിനിയെ ബിനാലെയുടെ പ്രധാന വേദികളില്‍ ഒന്നായ പെപ്പര്‍ ഹൗസിന് മുന്നില്‍വച്ചാണ് സുമിത് പരിചയപ്പെടുന്നത്. രാത്രി മദ്യപിക്കാന്‍ ക്ഷണിച്ചെങ്കിലും യുവതി ക്ഷണം നിരസിച്ചു. പിറ്റേന്ന് ഇയാള്‍ വീണ്ടുമെത്തി കായല്‍ യാത്രയ്ക്കായി ക്ഷണിച്ചു. ഉച്ചയ്ക്ക് ശേഷം ഇരുവരും ഉല്ലാസബോട്ടായ ലേക്ക് ബേ ക്രൂയിസില്‍ കയറി. കായല്‍ കാഴ്ചകള്‍ കണ്ടിരിക്കെ സുമിത് കലാകാരിയോട് മോശമായി പെരുമാറുകയായിരുന്നു. നാട്ടിലേക്ക് തിരിച്ചുപോയ കലാകാരി തായ്വാനില്‍ എത്തിയശേഷമാണ് പരാതി നല്‍കിയത്. സുമിത്തിന്റെ ഫോണ്‍നമ്പറും മറ്റ് തെളിവുകളുമെല്ലാം പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

Tags: