മലിനജലം: ഗുജറാത്തില്‍ അമിത് ഷായുടെ മണ്ഡലത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു

150ഓളം പേര്‍ ചികില്‍സ തേടി

Update: 2026-01-06 02:51 GMT

അഹമ്മദാബാദ്: മധ്യപ്രദേശിലെ ഇന്ദോറിനു പുറമേ ഗുജറാത്തിലും മലിനജലദുരന്തം. കുടിവെള്ളത്തില്‍ മലിനജലം കലര്‍ന്നതിനെത്തുടര്‍ന്ന് ഗാന്ധിനഗറില്‍ രണ്ട് കുട്ടികള്‍ മരിച്ചു. ഇവര്‍ക്ക് ടൈഫോയിഡ് ബാധിച്ചിരുന്നതായി സൂചനയുണ്ട്. 150ഓളം പേര്‍ ചികില്‍സ തേടി. സെക്ടര്‍ 24, 28 ഭാഗങ്ങളിലും അദിവഡ മേഖലയിലുമാണ് കുടിവെള്ളക്കുഴല്‍പൊട്ടി മാലിന്യം കലര്‍ന്നത്. വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നവരില്‍ അന്‍പതോളം പേര്‍ക്ക് ടൈഫോയിഡ് സ്ഥിരീകരിച്ചു. പൊട്ടിയ പൈപ്പ് ഉടന്‍ നന്നാക്കാന്‍ സ്ഥലം എംപികൂടിയായ ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടു. കഴിഞ്ഞയാഴ്ച ഇന്ദോറില്‍ നഗരസഭ വിതരണം ചെയ്ത കുടിവെള്ളത്തില്‍ മലിനജലം കലര്‍ന്ന് 14 പേര്‍ മരണപ്പെടുകയും ആയിരത്തോളംപേര്‍ ചികില്‍സ തേടുകയും ചെയ്തിരുന്നു.