ഉത്തര്‍പ്രദേശില്‍ വിവാഹ സല്‍ക്കാരത്തിനിടെ ചിപ്സ് പാക്കറ്റിനു വേണ്ടി തിക്കും തിരക്കും; നിരവധിപേര്‍ക്ക് പരിക്ക്

Update: 2025-11-28 06:11 GMT

ഹാമിര്‍പൂര്‍: ഉത്തര്‍പ്രദേശില്‍ വിവാഹവേദിയില്‍ ചിപ്സ് പാക്കറ്റിനുവേണ്ടി തിക്കും തിരക്കും. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയിലെ റാഠ് നഗരത്തില്‍ ബ്രഹ്‌മാനന്ദ് മഹാവിദ്യാലയ ഗ്രൗണ്ടില്‍ ചൊവ്വാഴ്ച നടന്ന സമൂഹ വിവാഹത്തിനിടെയാണ് സംഭവം. മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതി പ്രകാരം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 383 പേരുടെ വധൂവരന്‍മാരുടെ വിവാഹമാണ് നടന്നത്.

വിവാഹ ചടങ്ങുകള്‍ അവസാനിച്ചപ്പോള്‍ ലഘുഭക്ഷണം വിളമ്പാന്‍ തുടങ്ങി. തുടര്‍ന്നാണ് ചിപ്സ് പാക്കറ്റുകള്‍ വാങ്ങാന്‍ അതിഥികള്‍ ഓടിയെത്തിയത്. ഇതോടെ വിവാഹവേദിയില്‍ തിക്കും തിരക്കും ഉണ്ടാവുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവസമയത്ത് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ഉദ്യോഗസ്ഥരൊന്നും സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സമൂഹ വിവാഹത്തില്‍ പങ്കെടുത്ത ഒരു വരന്‍ ചിപ്സ് പാക്കറ്റുമായി ഓടിപ്പോയതായും ബഹളത്തിനിടയില്‍ കുട്ടിയുടെ കൈയില്‍ ചൂടുള്ള ചായ വീണ് പൊള്ളലേറ്റതായും റിപോര്‍ട്ടുണ്ട്.