ഫാസ്റ്റ് ടാഗ് വാര്‍ഷിക പാസ്സ് വില്‍ക്കുന്നതായി അവകാശപ്പെട്ട് നിരവധി വ്യാജ വെബ്‌സൈറ്റുകള്‍; മുന്നറിയിപ്പുമായി ദേശീയ പാതാ അതോറിറ്റി
തിരുവനന്തപുരം: വ്യാജ ഫാസ്റ്റ് ടാഗ് വാര്‍ഷിക പാസുമായി പുതിയ തട്ടിപ്പ്. ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ദേശീയ പാതാ അതോറിറ്റി (എന്‍എച്ച്എഐ). രാജ്യത്തെ ദേശീയ പാതകളില്‍ യാത്ര ചെയ്യുന്നതിനുള്ള പുതിയ സേവനമാണ് ഫാസ്റ്റ് ടാഗ് വാര്‍ഷിക പാസ്സ്. ഈ വാര്‍ഷിക പാസ് വില്‍ക്കുന്നതായി അവകാശപ്പെടുന്ന നിരവധി വ്യാജ വെബ്‌സൈറ്റുകളും ലിങ്കുകളുമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇത് സംബന്ധിച്ചാണ് എന്‍എച്ച്എഐയുടെ മുന്നറിയിപ്പ്.
3,000 രൂപയുടെ ഫാസ്റ്റ് ടാഗ് വാര്‍ഷിക പാസ്, തട്ടിപ്പുകാര്‍ പ്രയോജനപ്പെടുത്തുകയാണ്. ഈ പാസ് വഴി സ്വകാര്യ, വാണിജ്യേതര വാഹനങ്ങള്‍ക്ക് ദേശീയ പാതകളില്‍ 200 യാത്രകള്‍ വരെ അല്ലെങ്കില്‍ ഒരു വര്‍ഷത്തെ യാത്രകള്‍ക്ക് സാധിക്കും. കൃത്രിമമായി നിര്‍മിച്ച എസ്ഇഒ വഴിയും പെയ്ഡ് പരസ്യങ്ങള്‍ വഴിയും ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളില്‍ ഒന്നാമതെത്തുന്ന വ്യാജ വെബ്‌സൈറ്റുകള്‍ തട്ടിപ്പുകാര്‍ നിര്‍മിക്കുന്നു. ഇരകളെ പെയ്‌മെന്റ് വിവരങ്ങള്‍ നല്‍കാനോ, ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാനോ പ്രേരിപ്പിക്കുന്നു. ഇത് കാരണം ഓരോ ഇടപാടിലും ഏകദേശം 3,000 രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുന്നത്. വ്യക്തിഗത വിവരങ്ങളുടെയും വാഹന വിശദാംശങ്ങളുടെയും അവര്‍ കൈക്കലാക്കുന്നു. പല ഉപയോക്താക്കളും ഇതിനോടകം തന്നെ തട്ടിപ്പിന് ഇരയായെന്ന് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പരാതികളും വര്‍ധിച്ചുവരികയാണ്. ഇത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (ഐ4സി) പരിശോധിക്കുന്നുണ്ട്.
ഓണ്‍ലൈനില്‍ ഫാസ്റ്റ് ടാഗ് തട്ടിപ്പ് എങ്ങനെ ഒഴിവാക്കാം
ഫാസ്റ്റ് ടാഗ് വാര്‍ഷിക പാസ്സ്, രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴിയാണ് വില്‍ക്കുന്നത് എന്ന് എന്‍എച്ച്എഐ വ്യക്തമാക്കിയിട്ടുണ്ട്. മറ്റു വെബ്‌സൈറ്റുകള്‍, സോഷ്യല്‍ മീഡിയ പേജുകകള്‍, വാട്ട്‌സ്ആപ്പ്/ടെലിഗ്രാം ലിങ്കുകള്‍, മൂന്നാം കക്ഷി വില്‍പ്പനക്കാര്‍, മറ്റു പ്ലാറ്റ്‌ഫോമുകള്‍ ഇവയ്‌ക്കൊന്നും പാസ്സ് വില്‍ക്കാനോ പ്രോസസ്സ് ചെയ്യാനോ അംഗീകാരമില്ല.
തട്ടിപ്പ് ഒഴിവാക്കാന്‍ എന്‍എച്ച്എഐയുടെ പ്രധാന നിര്‍ദേശങ്ങള്‍
രാജ്മാര്‍ഗ് യാത്ര ആപ്പ് വഴി മാത്രം ഫാസ്റ്റ് ടാഗ് വാര്‍ഷിക പാസ് സ്വന്തമാക്കുക
പാസ് വാഗ്ദാനം ചെയ്യുന്ന സംശയാസ്പദമായ ലിങ്കുകളിലോ പരസ്യങ്ങളിലോ സന്ദേശങ്ങളിലോ ഒരിക്കലും ക്ലിക്ക് ചെയ്യരുത്
സ്ഥിരീകരിക്കാത്ത സൈറ്റുകളില്‍ ഫാസ്റ്റ് ടാഗ്, വാഹനത്തിന്റെയോ അല്ലെങ്കില്‍ പെയ്‌മെന്റ് വിശദാംശങ്ങളോ പങ്കുവയ്ക്കുന്നത് ഒഴിവാക്കുക.
സംശയാസ്പദമായ വെബ്‌സൈറ്റുകളോ തട്ടിപ്പ് ശ്രമങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ സൈബര്‍ ക്രൈം അധികാരികളെ അറിയിക്കുക.
