തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ നീന്തല്‍ കുളത്തില്‍ വീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. മലയിന്‍കാവ് ഉള്ളുവിള വീട്ടില്‍ ഷമീന-ഷാജി ദമ്പതികളുടെ മകന്‍ നിയാസ്(12)ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഉണ്ടന്‍കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ നിയാസ് സഹോദരന്‍ ഫയാസിനും സുഹൃത്ത് അബിക്കുമൊപ്പമാണ് കുളിക്കാനെത്തിയത്. നിയാസ് അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് കുട്ടികള്‍ നിലവിളിക്കുന്നത് കേട്ട് നാട്ടുകാര്‍ ഓടിയെത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ ചെറിയ കൊല്ല വാര്‍ഡിലെ പുനം കുടിക്കുളം നവീകരിച്ച് സ്വിമ്മിങ് പൂളാക്കിയ ഇടത്തായിരുന്നു അപകടം സംഭവിച്ചത്. പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഒരുകോടി 20 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് മൂന്നുമാസം മുന്‍പാണ് ഈ കുളം നിര്‍മ്മിച്ചത്. എന്നാല്‍, കുളത്തിലെ പാറക്കെട്ടുകളോ ചെളിയോ കൃത്യമായി നീക്കം ചെയ്യാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. രണ്ട് ദിവസം മുന്‍പും മലയിന്‍കാവ് സ്വദേശികളായ രണ്ട് കുട്ടികള്‍ സമാനമായ രീതിയില്‍ ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അന്ന് കുട്ടികള്‍ രക്ഷപ്പെട്ടത്.
